മരണനിരക്ക് കുറയ്ക്കാനായി, പോസ്റ്റ് കോവിഡ് ചികിത്സയില്‍ കേരളം മാതൃകയാകും: കെ കെ ശൈലജ 

പോസ്റ്റ് കോവിഡ് ചികിത്സയ്ക്ക് ആയുര്‍വേദം വളരെ മികച്ചതാണ് ണെന്നും മന്ത്രി പറഞ്ഞു
മരണനിരക്ക് കുറയ്ക്കാനായി, പോസ്റ്റ് കോവിഡ് ചികിത്സയില്‍ കേരളം മാതൃകയാകും: കെ കെ ശൈലജ 

കേരളം കോവിഡ് കൈകാര്യം ചെയ്ത രീതിയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മരണസംഖ്യ കുറയ്ക്കാനാണ് സംസ്ഥാനം ആദ്യം മുതല്‍ ശ്രമിച്ചതെന്നും ഇപ്പോഴും കേരളത്തിന്റെ മോര്‍ട്ടാലിറ്റി റേറ്റ് 0.34ശതമാനമായി നിലനിര്‍ത്താന്‍ കഴിയുന്നത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും മന്ത്രി പറഞ്ഞു. പോസ്റ്റ് കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച എക്‌സ്പ്രസ് എക്‌സ്പ്രഷണ്‍സ് വെബ്ബിനാറില്‍ പങ്കെടുക്കവെ മന്ത്രി പറഞ്ഞു. 

ഏതൊരു മഹാമാരിയുടെ കാലത്തും  അതിന്റെ വ്യാപനത്തെയും പ്രത്യാഘാതത്തെയും കുറിച്ചും ആളുകളെ ബോധവവത്കരിക്കുകയാണ് ഏറ്റവും  പ്രധാനം. അതാണ് കോവിഡ് കാലത്തെ  വലിയ പാഠമെന്നും മന്ത്രി പറഞ്ഞു. എണ്‍പത് ശതമാനം ആളുകളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചത് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സഹായിച്ചെങ്കിലും 20 ശതമാനം പേര്‍ നിയന്ത്രണങ്ങള്‍ ഭേദിച്ചത് തിരിച്ചടിയായെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. 

പ്രചരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് മുന്‍ഗണന നല്‍കിയ സര്‍ക്കാര്‍ ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.. കേരളം നമ്പര്‍ വണ്‍ ആണെന്ന പ്രചരണങ്ങള്‍ വൈറസ് കുറഞ്ഞെന്ന പ്രതീതി ജനങ്ങളില്‍ ഉണ്ടാക്കിയെന്നും ഇത് ദോഷം ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന പ്രതിപക്ഷ  ആവശ്യം സര്‍ക്കാര്‍ തള്ളിക്കളഞ്ഞെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പോസ്റ്റ് കോവിഡ് ചികിത്സയ്ക്കുള്ള കേരളത്തിന്റെ തയ്യാറെടുപ്പുകളും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. കോവിഡ് നെഗറ്റീവായി മടങ്ങുന്ന ആളുകള്‍ ഹൃദയത്തിനും മറ്റ് അവയവങ്ങള്‍ക്കും തകരാര്‍ സംഭവിച്ച് ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിലേക്ക് കടക്കുന്നുണ്ട്. പോസ്റ്റ് കോവിഡ് ചികിത്സയ്ക്ക് ആയുര്‍വേദം വളരെ മികച്ചതാണ് എന്നാല്‍ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടെത്താന്‍ മോഡേണ്‍ മെഡിസിന്‍ അത്യാവശ്യമാണ്. കോവിഡാനന്തര ചികിത്സയ്ക്ക് ഒരു മാതൃകയാകാന്‍ കേരളം ശ്രമിക്കും, ശൈലജ ടീച്ചര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗള, മുതിർന്ന മാധ്യമപ്രവർത്തക കാവേരി ബംസായി എന്നിവർ വെബ്ബിനാറിൽ പങ്കെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com