അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പ്; കസ്റ്റഡി ആവശ്യവുമായി ഇഡി കോടതിയില്‍

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി
അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പ്; കസ്റ്റഡി ആവശ്യവുമായി ഇഡി കോടതിയില്‍

ബംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ പേരില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ ആവശ്യപ്പെട്ടു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി പറഞ്ഞു.

വീട്ടിലും ബിനീഷുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതായി ഇഡി കോടതിയെ അറിയിച്ചു. ബിനീഷിന്റെ ബിനാമിയെന്നു കരുതുന്ന അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍നിന്നു കിട്ടി. ഈ കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്ന് ഇഡി അഭിഭാഷകന്‍ പറഞ്ഞു. സംശയാസ്പദമായ ഇടപാടുകള്‍ നടത്തിയ മൂന്നു കമ്പനികളുമായി ബിനീഷിനു ബന്ധമുണ്ടെന്നും ഇഡി ആരോപിച്ചു. 

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളും സംബന്ധിച്ച് കഴിഞ്ഞ എട്ടു ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തു വരികയാണ്.രണ്ടു ഘട്ടങ്ങളിലായി തുടര്‍ച്ചയായി 9 ദിവസമാണ് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. 

ബിനീഷിന്റെ വീട്ടില്‍ 26 മണിക്കൂര്‍ നീണ്ട ഇഡി റെയ്ഡില്‍ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെട്ടിരുന്നു. എന്നാല്‍ കാര്‍ഡ് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണെന്നാണ് ബിനീഷിന്റെ കുടുംബം പറയുന്നത്. 

ലഹരി മരുന്ന് ഉപയോഗിച്ചെന്നും, ലഹരി ഇടപാടിന് സാമ്പത്തിക സഹായം നല്‍കി എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ബിനീഷിനെതിരെ എന്‍സിബി കേസെടുക്കുമെന്ന് സൂചനകളുണ്ട്. ബിനീഷിന്റെ ചോദ്യം ചെയ്യുന്നതിന് അനുമതിക്കായി എന്‍സിബി കോടതിയില്‍ അപേക്ഷ നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com