'ലാ നിന' യിൽ കുരുങ്ങി തുലാവര്‍ഷം ; സംസ്ഥാനത്ത് ചൂടു കൂടുന്നു

മഴ അകന്നതോടെ സംസ്ഥാനത്ത് അന്തരീക്ഷ താപനിലയും ഉയര്‍ന്നു. രാത്രിയിലും ചൂടു കൂടിയിട്ടുണ്ട്
'ലാ നിന' യിൽ കുരുങ്ങി തുലാവര്‍ഷം ; സംസ്ഥാനത്ത് ചൂടു കൂടുന്നു

കൊച്ചി : സംസ്‌ഥാനത്ത് തുലാവര്‍ഷം അതീവ ദുര്‍ബലമായി.  ഈ മാസം ഇന്നലെ വരെ പ്രതീക്ഷിച്ചിരുന്നത്‌ 392.8 മില്ലീ മീറ്റര്‍ മഴയാണ്‌. എന്നാൽ ലഭിച്ചതാകട്ടെ 256.6 മില്ലീ മീറ്റര്‍മാത്രമാണ്. 35 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 19 വരെ സാധാരണയിലും കുറഞ്ഞ തോതിലേ മഴ പെയ്യുകയുള്ളൂവെന്ന് കാലാവസ്‌ഥാ ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

പസഫിക്‌ സമുദ്രത്തില്‍ രൂപപ്പെട്ട ലാ നിന പ്രതിഭാസം തുടരുന്നതാണ്‌ തുലാവര്‍ഷം അതീവ ദുർബലമാക്കിയത്. സമുദ്രജലവും ഉപരിതലവും അന്തരീക്ഷവും സാധാരണയിലും തണുക്കുന്നതാണ്‌ ലാ നിന. വരും മാസങ്ങളിലും ഇതു തുടര്‍ന്നേക്കുമെന്നാണ്‌ സൂചന. അതുകൊണ്ടു തന്നെ മഴ കുറയാനുള്ള സാധ്യതയാണ്‌ കൂടുതലെന്ന് കാലാവസ്‌ഥാ വിദഗ്‌ധര്‍ പറഞ്ഞു.

തുലാവര്‍ഷം ശക്‌തമാക്കാവുന്ന അനുകൂലഘടകങ്ങളൊന്നും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഇല്ല. ഈ മാസം 29 വരെ കടല്‍ കാലാവസ്‌ഥ ഇപ്പോഴുള്ളതുപോലെ തുടരും. അതിനുശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമോ ചുഴലിക്കാറ്റോ രൂപമെടുത്താലേ തുലാവര്‍ഷം മെച്ചപ്പെടുകയുള്ളൂവെന്നാണ് നി​ഗമനം.

കഴിഞ്ഞ 30 ന്‌ അവസാനിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 9% അധിക മഴ ലഭിച്ചിരുന്നു. മഴ അകന്നതോടെ സംസ്ഥാനത്ത് അന്തരീക്ഷ താപനിലയും ഉയര്‍ന്നു. രാത്രിയിലും ചൂടു കൂടിയിട്ടുണ്ട്‌. സാധാരണ നവംബറില്‍ അനുഭവപ്പെടുന്ന തണുപ്പിനും കുറവുണ്ട്‌. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com