'സിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ല'- കാനം രാജേന്ദ്രൻ

സിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ല- കാനം രാജേന്ദ്രൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ എൽഡിഎഫിൽ പ്രശ്‌നങ്ങളുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോട്ടയത്ത് സിപിഐ ജില്ല എക്‌സിക്യൂട്ടീവിൽ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫിലെ രണ്ടാമത്തെ കക്ഷി സിപിഐ ആണ്. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ഒന്നാം കക്ഷി ആണെന്ന അഭിപ്രായം സിപിഐയ്ക്ക് ഇല്ല. സിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

കോട്ടയത്ത് സീറ്റ് വിഭജനം സംബന്ധിച്ച് കാര്യമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിൽ സിപിഐ മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ രണ്ട് സീറ്റുകൾ ജോസ് കെ മാണി വിഭാഗത്തിനായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അതിന് സിപിഐ തയ്യാറല്ല. 

സമാനമായ തർക്കങ്ങൾ പഞ്ചായത്തുകൾ, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ എന്നിവയിലുമുണ്ട്. ജോസ് കെ മാണി വിഭാഗം വരുന്നതോടെ എൽഡിഎഫ് ശക്തിപ്പെടുമെങ്കിലും സിപിഐയുടെ അസ്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നടപടികളിലേക്ക് പോകാനാകില്ലെന്ന നിലപാടാണ് സിപിഐ വ്യക്തമാക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിനു വേണ്ടി വേണമെങ്കിൽ ഒരു സീറ്റ് ഒഴിയാൻ സിപിഐ തയ്യാറാണ്. എന്നാൽ കൂടുതൽ കടുംപിടുത്തത്തിലേക്ക് പോകരുതെന്ന നിലപാടാണ് സിപിഐ വ്യക്തമാക്കുന്നത്.

സാഹചര്യത്തിൽ ഉയർന്നു വരുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തും കഴിവും ഉള്ള പ്രസ്ഥാനമാണ് എൽഡിഎഫ്. ഒറ്റക്കെട്ടായി ആ വെല്ലുവിളികളെ നേരിടാൻ തയ്യാറെടുത്താണ് എൽ.ഡി.എഫ്. മുന്നോട്ടുപോകുന്നത്. അഭിപ്രായവ്യത്യാസമുണ്ടാകും, ഏത് മുന്നണിയിലാണ് അഭിപ്രായവ്യത്യാസം ഉണ്ടാകും. അതെല്ലാം ചർച്ച ചെയ്ത് പരിഹരിക്കുകയാണ് മുന്നണി നേതൃത്വത്തിന്റെ ചുമതല. 

എൽഡിഎഫ് മറ്റ് ഏത് മുന്നണിയെക്കാൾ കൂടുതൽ വേഗം അതൊക്കെ പരിഹരിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇനിയും സമയമുണ്ട്. 19-ാം തീയതി വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിച്ചാൽ 23-ാം തീയതി നാമനിർദേശ പത്രിക പിൻവലിക്കാം. കുറേദിവസങ്ങളുണ്ട്- കാനം പറഞ്ഞു.എൽ.ഡി.എഫിന്റെ പ്രതിച്ഛായക്ക് കോട്ടംതട്ടിയോ എന്ന കാര്യത്തിൽ വിധി എഴുതേണ്ടത് മാധ്യമങ്ങളല്ല, ജനങ്ങളാണെന്നും കാനം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com