തുടര്‍ച്ചയായി മൂന്ന് തവണ സംവരണം പാടില്ല;  വീണ്ടും നറുക്കെടുക്കും; ഉത്തരവുമായി ഹൈക്കോടതി

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദവില്‍ തുടര്‍ച്ചയായി മൂന്ന് തവണ സംവരണം പാടില്ല
തുടര്‍ച്ചയായി മൂന്ന് തവണ സംവരണം പാടില്ല;  വീണ്ടും നറുക്കെടുക്കും; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി:  തദ്ദേശസ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണ സംവരണം വേണ്ടെന്ന് ഹൈക്കോടതി.  കഴിഞ്ഞ രണ്ടുവട്ടവും സംവരണം ചെയ്തിരുന്ന സ്ഥാപനങ്ങളെ ഒഴിവാക്കണം. ഈ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. ഇതോടെ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദവി സംവരണത്തിനായി വീണ്ടും നറുക്കെടുപ്പ് നടത്തേണ്ടി വരും. 

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വിഭാഗത്തിലേക്ക് പോകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പൊതുവിഭാഗത്തില്‍ ഉള്ളവര്‍ക്ക് അധ്യക്ഷപദവിയിലേക്ക് എത്താന്‍ ദീര്‍ഘകാലം അവസരം നിഷേധിക്കുന്നതും വിവേചനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.  തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വിഭാഗത്തില്‍ വന്നിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണം. എന്നാല്‍ സംവരണ വിഭാഗത്തില്‍ ആകെ വരുന്ന അധ്യക്ഷസ്ഥാനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭച്ചതിനാല്‍ കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം കോടതി തള്ളി.

ജനപ്രതിനിധികളെ നിശ്ചയിക്കുന്നത് വരെയാണ് തെരഞ്ഞെടുപ്പ് നടപടി ക്രമമെന്നും അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് ഇതിന്‍റെ പരിധിയില്‍ വരില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. ഇതോടെ മലപ്പുറം ജില്ലാ പഞ്ചായത്തും, മഞ്ചേരി, കൊണ്ടോട്ടി, മാനന്തവാടി, തൃപ്പൂണിത്തുറ നഗരസഭകളുടെ അധ്യക്ഷപദം സംവരണത്തില്‍ നിന്ന് പൊതുവിഭാഗത്തിലേക്കെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com