കേരളത്തില്‍ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനാവില്ല; കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ വട്ടമിട്ട് പറക്കുന്നു; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സമരത്തിലേക്ക് സിപിഎം

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളെ ബഹുജന പ്രക്ഷോഭത്തിലൂടെ പ്രതിരോധിക്കുമെന്ന് സിപിഎം
കേരളത്തില്‍ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനാവില്ല; കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ വട്ടമിട്ട് പറക്കുന്നു; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സമരത്തിലേക്ക് സിപിഎം

തിരുവനന്തപുരം:  കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളെ ബഹുജന പ്രക്ഷോഭത്തിലൂടെ പ്രതിരോധിക്കുമെന്ന് സിപിഎം. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തെ അലോസരപ്പെടുതത്തുകയാണ്. പ്രതിപക്ഷവും ബിജെപിയും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ഇതിനെതിരെ കേരളത്തിലെ  എല്ലാ നല്ല മനുഷ്യരെയും അണിനിരത്തി പ്രതിപക്ഷ നിലപാട് തുറന്നുകാട്ടുമെന്ന് വിജയരാഘവന്‍ പറഞ്ഞു. 

മുഖ്യമന്ത്രി പ്രത്യേകം മുന്‍കൈ എടുത്ത് അടിസ്ഥാന സൗകര്യത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങള്‍ ഇല്ലാതാക്കന്‍ നിശ്ചയദാര്‍ഡ്യത്തോടെ ഇടപെട്ടാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി. പല നിക്ഷിപ്ത താത്പര്യക്കാരും തടസങ്ങള്‍ ഉണ്ടാക്കിയിട്ടും പൂര്‍ത്തികരിക്കാനായി. ദേശീയ പാത വികസനം പ്രവര്‍ത്തനം ആരംഭിച്ചു.60,000 കോടിയുടെ വികസനങ്ങളാണ് കിഫ്ബി വഴി സംസ്ഥാനത്ത് നടപ്പിലാക്കിയത്. പ്രതിപക്ഷ എംപിമാര്‍ക്ക് പോലും എതിര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ വികസനതാത്പര്യത്തിനാണ് എല്‍ഡിഎഫ് മുന്‍ഗണന നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ സാധിക്കുന്ന സുപ്രധാന ഘടകമാണ് മികച്ച വികസനമുന്നേറ്റമെന്നും വിജയരാഘവന്‍ പറഞ്ഞു. 

ഇത് പ്രതിപക്ഷത്തെ അലോസരപ്പെടുത്തിയിരിക്കുകയാണ്. കിഫ് ബി പോലെ മികവാര്‍ന്ന വികസന കാഴ്ചപ്പാടിനെ ദുര്‍ബലപ്പെടുത്തുന്ന പ്രചാരണം നടത്താന്‍ പ്രതിപക്ഷം സിഎജിയെ കൂട്ട് പിടിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്. ഇത് ഗൂഢാലോചനയാണ്. ജനങ്ങള്‍ക്കെതിരായാണ് പ്രതിപക്ഷ കാഴ്ചപ്പാട്. നാട് ഇരുട്ടിലേക്ക് പോയാലും പ്രശ്‌നമില്ലന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍  യുഡിഎഫ് ബിജെപിയും ഒരുപോലെയാണ്. അത് ജനങ്ങളെ തുറന്നുകാണിക്കും. ഈ വികസനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ബഹുജന സമരം നടത്തുമെന്ന് വിജയരാഘവന്‍ പറഞ്ഞു. 

കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനുമുളള പ്രവര്‍ത്തനം അതിന്റെ സീമകള്‍ ലംഘിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിയാണ് ബിജെപി ഭരണം പിടിച്ചത്. അത് കേരളത്തില്‍ നടക്കില്ലെന്ന് തോന്നിയപ്പോള്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുകയാണ്.കേരളാ സര്‍ക്കാരിനെതിരെ, ഭരണ നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ കള്ളതെളിവുകള്‍ ഉണ്ടാക്കാന്‍ ഈ ഏജന്‍സികള്‍ കൂട്ടമായി ശ്രമിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഈ തെറ്റുകള്‍ക്കെതിരെ അണിനിരന്ന് സര്‍ക്കാരിനെ സംരക്ഷിക്കുമെന്ന് വിജയരാഘവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com