'പെണ്ണുകേസ്' പ്രതി വേണ്ടെന്ന് സിപിഎം; മാറ്റില്ലെന്ന് കേരള കോണ്‍ഗ്രസ് ; സ്വതന്ത്രനെ നിര്‍ത്തി മറുപടി ; കൊച്ചിയില്‍ ഇടതുപക്ഷത്തിന് രണ്ടു സ്ഥാനാര്‍ത്ഥി

ഇടതുമുന്നണിയിലെ ധാരണ പ്രകാരം പോണേക്കര സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനാണ് നല്‍കിയത്
'പെണ്ണുകേസ്' പ്രതി വേണ്ടെന്ന് സിപിഎം; മാറ്റില്ലെന്ന് കേരള കോണ്‍ഗ്രസ് ; സ്വതന്ത്രനെ നിര്‍ത്തി മറുപടി ; കൊച്ചിയില്‍ ഇടതുപക്ഷത്തിന് രണ്ടു സ്ഥാനാര്‍ത്ഥി


കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും സിപിഎമ്മും ഇടയുന്നു. കേരള കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. പോണേക്കര ഡിവിഷനിലാണ് മുന്നണിയിലെ മധുവിധു തീരുംമുമ്പെ ഇരുപാര്‍ട്ടികളും പരസ്പരം പോരടിക്കുന്നത്. 

ഇടതുമുന്നണിയിലെ ധാരണ പ്രകാരം പോണേക്കര സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനാണ് നല്‍കിയത്. ഇവിടെ അഭിഭാഷകനായ ധനേഷ് മാത്യു മാഞ്ഞൂരാനെയാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. 

2016 ല്‍ കൊച്ചി നഗരത്തില്‍ വെച്ച് സ്ത്രീയെ കടന്നുപിടിച്ച് അപമര്യാദയോടെ പെരുമാറിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആളാണ് അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍. സെന്റ് തെരേസാസ് കോളജിന് സമീപം മുല്ലശ്ശേരി കനാലിന് സമീപം വെച്ചായിരുന്നു സംഭവം.

ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുപോകുകയായിരുന്ന ഞാറക്കല്‍ സ്വദേശിനിയായ യുവതിയെ ഗവണ്‍മെന്റ് പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ കടന്നുപിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് പിടികൂടി ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഈ കേസ് ഇപ്പോൾ കോടതിയുടെ പരി​ഗണനയിലാണ്.

മാധ്യമങ്ങളും പ്രതിപക്ഷവും സ്ഥാനാര്‍ത്ഥിയുടെ പൂര്‍വചരിത്രം ഉന്നയിക്കാന്‍ തുടങ്ങിയതോടെ, സിപിഎം ജില്ലാ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടുകയും, ധനേഷ് മാത്യുവിനെ പിന്‍വലിക്കാന്‍ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയുമായിരുന്നു. പകരം പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാനും സിപിഎം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. 

എന്നാല്‍ സിപിഎമ്മിന്റെ നിര്‍ദേശം ധിക്കരിച്ച് കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ധനേഷ് മാത്യു മാഞ്ഞൂരാന്റെ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ പി വി ഷാജിയെ സ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന സമയത്തിനകം കേരള കോണ്‍ഗ്രസ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. 

അതേസമയം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും, തിങ്കളാഴ്ച ഷാജിയെ പിന്‍വലിക്കാനുള്ള തീരുമാനം സിപിഎം ജില്ലാ നേതൃത്വം സ്വീകരിക്കും എന്നാണ് കരുതുന്നതെന്നും കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി ജോഷി പറഞ്ഞു. ധനേഷ് മാത്യു മാഞ്ഞൂരാനും പി വി ഷാജിയും പ്രാചാരണവുമായി രംഗത്തിറങ്ങിയതോടെ ഫലത്തില്‍ പോണേക്കരയില്‍ ഇടതുപക്ഷത്തിന് രണ്ടു സ്ഥാനാര്‍ത്ഥികളായിരിക്കുകയാണ്. 

ധനേഷും സിപിഎമ്മിന്റെ പേര് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. സിപിഎമ്മിന്റെ പേരില്‍ വോട്ടു തേടുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഉടന്‍ ജില്ലാ നേതൃത്വം ഇടപെട്ട് വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണമെന്ന് സിപിഎം വൈറ്റില ഏരിയാ സെക്രട്ടറി കെ ഡി വിന്‍സെന്റ് ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com