മതപരമായ പുണ്യജലം തളിക്കാം, വെള്ളത്തുണി പുതപ്പിക്കാം; കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം ഉറ്റ ബന്ധുക്കള്‍ക്ക് നടത്താം, പുതുക്കിയ മാര്‍ഗനിര്‍ദേശം 

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം പുതുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം പുതുക്കി. അടുത്ത ബന്ധുക്കള്‍ക്ക് കാണുന്നതിനും മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നതിനും അനുമതി നല്‍കിയാണ് ആരോഗ്യ വകുപ്പ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

മൃതശരീരം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍ ഉറ്റബന്ധുക്കളില്‍ ഒരാള്‍ക്കു പ്രവേശനം അനുവദിക്കും. പ്രതീകാത്മകമായ രീതിയില്‍ മതപരമായ പുണ്യജലം തളിക്കാനും വെള്ളത്തുണി കൊണ്ടു പുതയ്ക്കാനും ആ ബന്ധുവിനെ അനുവദിക്കും. മൃതദേഹത്തില്‍ സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ അന്ത്യചുംബനം നല്‍കാനോ അനുവദിക്കില്ല. വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ മൃതദേഹം കാണാം. മോര്‍ച്ചറിയില്‍ വച്ചും ആവശ്യപ്പെടുന്നെങ്കില്‍ അടുത്ത ബന്ധുവിനെ കാണാന്‍ അനുവദിക്കും.

സംസ്‌കാര സ്ഥലത്തു മൃതദേഹം എത്തിച്ചാല്‍ ആരോഗ്യ വകുപ്പു ജീവനക്കാരനു മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവര്‍ തുറന്ന് അടുത്ത ബന്ധുക്കളെ കാണിക്കാം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഈ സമയത്തു മതപരമായ പ്രാര്‍ഥനകള്‍ ചൊല്ലുന്നതും പുണ്യജലം തളിക്കുന്നതും അനുവദിക്കും. ദേഹത്തു സ്പര്‍ശിക്കാതെ അന്ത്യകര്‍മങ്ങളും ചെയ്യാം.

മരണകാരണം കോവിഡാണെന്നു സംശയിക്കുന്നതും മരിച്ച നിലയില്‍ എത്തിക്കുന്നതുമായ മൃതദേഹങ്ങളില്‍ നിന്നു പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരിച്ച ശേഷം എത്രയും വേഗം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഉറപ്പു വരുത്തിയവ ഒഴികെയുള്ള മൃതദേഹങ്ങള്‍ പോസിറ്റീവായി കണക്കാക്കി മാനദണ്ഡം പാലിച്ചാണു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com