മറഡോണയുടെ വിയോഗം : കേരളത്തിൽ രണ്ടു ദിവസം ദുഃഖാചരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2020 11:49 AM |
Last Updated: 26th November 2020 11:49 AM | A+A A- |
തിരുവനന്തപുരം : ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതായി മന്ത്രി ഇ പി ജയരാജൻ അറിയിച്ചു.
മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ അഭ്യർത്ഥിച്ചു.
മറഡോണയുടെ അപ്രതീക്ഷിത വേര്‍പാട് അത്യന്തം വേദനിപ്പിക്കുന്നതാണ്. നിരവധി തലമുറകളെ കാല്‍പ്പന്തിന്റെ ലഹരിയിലേക്ക് കൈപിടിച്ച് നടത്തിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ഫുട്ബോള്‍ കൊണ്ട് കളിയാസ്വാദകരെ ഒരു മാന്ത്രികലോകത്തേക്കാണ് മറഡോണ കൊണ്ടുപോയതെന്നും മന്ത്രി ജയരാജൻ അനുസ്മരിച്ചു.