ഐ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനാവില്ല; വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ഡിജിപിക്ക് നിയമോപദേശം

കേസില്ലാതെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാവില്ലെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചു
ഐ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനാവില്ല; വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ഡിജിപിക്ക് നിയമോപദേശം

തിരുവനന്തപുരം: യൂണിടെക് എംഡി സമ്മാനമായി നല്‍കിയെന്ന് ആരോപിക്കുന്ന ഐഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തില്‍ അന്വേഷണം ഉണ്ടാവില്ല. കേസില്ലാതെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാവില്ലെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചു.

യൂണിടെക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് രമേശ്  ചെന്നിത്തലയ്ക്ക് ഐഫോണ്‍ നല്‍കിയെന്ന് അറിയിച്ചത്. ഇതിന് തെളിവായി മൊബൈല്‍ ഫോണിന്റെ ബില്ലും  കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ബില്ലിലെ ഐഎംഇഐ നമ്പര്‍ നോക്കി ഈ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നായിരുന്നു ചെന്നിത്തല ഡിജിപിക്ക് ന്ല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത്. 

കേസിന്റെ ഭാഗമായി കത്ത് നല്‍കിയാല്‍ മാത്രമെ മൊബൈല്‍ സേവനദാതാക്കള്‍ അതിന് മറുപടി നല്‍കുകയുള്ളു. എന്നാല്‍ കേസില്ലാത്ത സാഹചര്യത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനവില്ലെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്.  മൊബൈല്‍ ഫോണുകള്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്നും അത്  കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു.അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ചും അന്വേഷണം നടത്താമെന്നും നിയമപോദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com