യു വി ജോസ് സിബിഐക്ക് മുന്നില്‍, ലൈഫ് മിഷന്‍ ഉന്നത ഉദ്യോഗസ്ഥരും നഗരസഭ സെക്രട്ടറിയും ചോദ്യം ചെയ്യലിന് ഹാജരായി

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഞ്ചു രേഖകള്‍ ഇന്നു ഹാജരാക്കാന്‍ യു വി ജോസിനോട് സിബിഐ ആവശ്യപ്പെട്ടിരുന്നു
യു വി ജോസ് സിബിഐക്ക് മുന്നില്‍, ലൈഫ് മിഷന്‍ ഉന്നത ഉദ്യോഗസ്ഥരും നഗരസഭ സെക്രട്ടറിയും ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട്, ലൈഫ് മിഷന്‍ സിഇഒ യു വി ജോസും ഉന്നത ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി സിബിഐക്ക് മുന്നില്‍ ഹാജരായി. കൊച്ചി സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തിയത്. ലൈഫ് മിഷനിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും സിബിഐ ഓഫീസില്‍ എത്തിയിട്ടുണ്ട്. 

ലൈഫ് മിഷന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരായ ബാബു കുട്ടന്‍ നായര്‍, അജയ് കുമാര്‍  എന്നിവരാണ് ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസില്‍ എത്തിയത്. രാവിലെ 10 മണിയോടെ വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി മുഹമ്മദ് അനസും മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരും സിബിഐക്ക് മുന്നില്‍ ഹാജരായിരുന്നു. ഉദ്യോഗസ്ഥരെ ഒരുമിച്ചിരുത്തി സിബിഐ ചോദ്യം ചെയ്യുമെന്നാണ് സൂചന.

പ്രധാനമായും അഞ്ചു രേഖകള്‍ ഇന്നു ഹാജരാക്കാന്‍ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. റെഡ് ക്രസന്റുമായി ധാരണാപത്രങ്ങള്‍ ഒപ്പിടുന്നതിന് മുമ്പായി നടന്ന യോഗങ്ങളുടെ മിനുട്ട്‌സ് ആണ് ഇതില്‍ പ്രധാനപ്പെട്ടത്. യുഎഇ കോണ്‍സുലേറ്റുമായും യൂണിടെക്കുമായും നടത്തിയ കത്തിടപാടുകള്‍, ഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് യു വി ജോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം തടയണമെന്നും, സിബിഐയുടെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അന്വേഷണം തടയാന്‍ കൂട്ടാക്കാതിരുന്ന ഹൈക്കോടതി, ലൈഫ് മിഷനോട് സിബിഐ അന്വേഷണത്തോട് സഹകരിക്കാനും നിര്‍ദേശിക്കുകയായിരുന്നു.

സ്വപ്ന സുരേഷിനും കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കുമായി 4.35 കോടി രൂപ കമ്മിഷൻ നൽകിയെന്നാണ് സിബിഐക്ക് ലഭിച്ചിരിക്കുന്ന വിവരം.  വിദേശ സഹായ നിയന്ത്രണ ചട്ടം ലംഘിച്ചെന്നു കാണിച്ച് യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എടുത്ത കേസിൽ യുണിടാക് ഓഫിസിലും സിബിഐ പരിശോധന നടത്തുകയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിനായി നൽകിയ 4.32 കോടി രൂപ കമ്മിഷൻ കോഴയായി കണക്കാക്കാനാകില്ലെന്നും ഇതിൽ മൂന്നര കോടി യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ അക്കൗണ്ടന്റിന് തിരുവനന്തപുരത്തെത്തി കൈമാറിയെന്നും സന്തോഷ് ഈപ്പൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com