കോവിഡ് കേന്ദ്രത്തിൽ പൂവാലശല്യം, സ്ത്രീകളെയും വനിത ഡോക്ടർമാരെയും കമന്റടിച്ചു; പിപിഇ കിറ്റ് ധരിച്ചുവന്ന് കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

ചിറയിൻകീഴ് സ്വദേശികളായ യുവാക്കളെ താക്കീത് ചെയ്ത പൊലീസ് കേസെടുക്കുമെന്നും അറിയിച്ചു
കോവിഡ് കേന്ദ്രത്തിൽ പൂവാലശല്യം, സ്ത്രീകളെയും വനിത ഡോക്ടർമാരെയും കമന്റടിച്ചു; പിപിഇ കിറ്റ് ധരിച്ചുവന്ന് കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം; കോവിഡ് ചികിൽസാ കേന്ദ്രത്തിൽ സ്ത്രീകളേയും ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടർമാരേയും കമന്റടിക്കുകയും ശല്യപ്പെടുകയും ചെയ്തിരുന്ന യുവാക്കൾക്കെതിരെ പൊലീസ് നടപടി. കടയ്ക്കാവൂർ ചെക്കാലവിളാകം ജംക്‌ഷനു സമീപം ശ്രീനാരായണവിലാസം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററിലെ സ്ത്രീകളാണ് പൂവാല ശല്യത്തിൽ പൊറുതിമുട്ടിയത്. ചിറയിൻകീഴ് സ്വദേശികളായ യുവാക്കളെ താക്കീത് ചെയ്ത പൊലീസ് കേസെടുക്കുമെന്നും അറിയിച്ചു. 

കോവിഡ് കേന്ദ്രത്തിൽ നൂറോളം പേരാണ് ചികിൽസയിലുള്ളത്. ശല്യം വർധിച്ചുവന്നതോടെ കഴിഞ്ഞ ദിവസം സംഘത്തിനെതിരെ സ്ത്രീകൾ ഡ്യൂട്ടി ഡോക്ടർക്കു പരാതി നൽകിയിരുന്നു. തുടർന്നു പരാതി അന്വേഷിച്ചെത്തിയ വനിതാ ഡോക്ടർക്കുനേരെയും യുവാക്കൾ മര്യാദയില്ലാതെ പെരുമാറിയതോടെയാണു സംഭവം വിവാദമായത്. 

പൊലീസിനെ അറിയിച്ചതോടെ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പു നൽകുകയും തുടർന്നാൽ പുറത്തിറങ്ങുമ്പോൾ അറസ്റ്റ് ചെയ്യുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തു.  താക്കീതുകളൊന്നും‍ പൂവാലൻമാർ ആദ്യഘട്ടത്തിൽ കേട്ടതായിപ്പോലും നടിച്ചില്ല. പിപിഇ കിറ്റു ധരിച്ചു കേന്ദ്രത്തിൽ കയറി പ്രശ്നക്കാരെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചതോടെ പൂവാലൻമാർ പത്തിമടക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com