താജ് ഹോട്ടലിൽ തോക്കുമായി കൊലവിളി, പിടിയിലായതിന് പിന്നാലെ പൊലീസ് വണ്ടിക്കു മുകളിൽ, കോവിഡ് നിരീക്ഷണകേന്ദ്രത്തിലും പരാക്രമം

പൊലീസ് വാഹനത്തിന് മുൻപിൽ കയറി പരസ്യമായി കൊലവിളി നടത്തുകയും പൊലീസുകാരനെ മർദിക്കുകയുമായിരുന്നു
താജ് ഹോട്ടലിൽ തോക്കുമായി കൊലവിളി, പിടിയിലായതിന് പിന്നാലെ പൊലീസ് വണ്ടിക്കു മുകളിൽ, കോവിഡ് നിരീക്ഷണകേന്ദ്രത്തിലും പരാക്രമം

കാസർകോട്; പഞ്ചനക്ഷത്ര ഹോട്ടലിൽ തോക്കുമായി കൊലവിളി നടത്തിയ ആളുടെ പരാക്രമം പൊലീസിന് പൊല്ലാപ്പായി. കാസർകോട് ബേക്കലിലെ താജ് ബേക്കൽ റിസോർട്ട് ആൻഡ് സ്പായിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയാണ് പൊലീസിന് തലവേദന സൃഷ്ടിച്ചത്. പൊലീസ് വാഹനത്തിന് മുൻപിൽ കയറി പരസ്യമായി കൊലവിളി നടത്തുകയും പൊലീസുകാരനെ മർദിക്കുകയുമായിരുന്നു. ഉദുമ കപ്പണക്കാലിലെ അബ്ദുൾ നാസർ(40) ആണ് പരാക്രമം കാട്ടി പൊലീസിനെ വെള്ളംകുടിപ്പിച്ചത്. 

താജ്‌ ഹോട്ടൽ ആക്രമിച്ച കേസിൽ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി പ്രതിയെ കാസർകോട് ജനറൽ ആസ്പത്രിയിൽ കൊണ്ടുവന്നു. അതിനിടെ പോലീസിനെ വെട്ടിച്ച് ഇയാൾ വാഹനത്തിനു മുകളിൽ കയറി. പോലീസ്‌വാഹനത്തിനു മുകളിൽ കിടക്കുകയും ചാടുകയും ചെയ്ത പ്രതി അതിന്റെ ബീക്കൺ ലൈറ്റ് ചവിട്ടിപ്പൊട്ടിച്ചു. അതിൽനിന്നുള്ള കഷണങ്ങൾ എടുത്തായി പിന്നീടുള്ള പരാക്രമം. ഒടുവിൽ പോലീസുകാർ അനുനയിപ്പിച്ച് വാഹനത്തിൽ കയറ്റി. 

കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത നാസർ കാസർകോട് പാറക്കട്ടിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലെത്തിച്ചു. എന്നാൽ ഇവിടെയും ഇയാൾ അതിക്രമം കാണിക്കുകയായിരുന്നു. കട്ടിൽ മറിച്ചിട്ടും കർട്ടൻ വലിച്ചുകീറിയും പരാക്രമം നടത്തിയ ഇയാൾ തടയാനെത്തിയ സിവിൽ പോലീസ് ഓഫീസർ സന്തോഷിനെ മർദിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ നാസറിനെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പോലീസ് വാഹനത്തിന് കേടുവരുത്തിയതിനും പൊലീസുകാരനെ മർദിച്ചതിനും ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com