ബീച്ചുകള്‍ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു തുറക്കും; ഹോട്ടല്‍ ബുക്കിങും ടിക്കറ്റ് വിതരണവും ഓണ്‍ലൈനില്‍; ഉപാധികള്‍ ഇങ്ങനെ

കോവിഡ് കാരണം ആറുമാസത്തിലധികമായി അടഞ്ഞു കിടന്ന കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു തുറക്കും
ബീച്ചുകള്‍ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു തുറക്കും; ഹോട്ടല്‍ ബുക്കിങും ടിക്കറ്റ് വിതരണവും ഓണ്‍ലൈനില്‍; ഉപാധികള്‍ ഇങ്ങനെ

തിരുവനന്തപുരം:കോവിഡ് കാരണം ആറുമാസത്തിലധികമായി അടഞ്ഞു കിടന്ന കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു തുറക്കും. ബീച്ചുകള്‍ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് തുറക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. ബീച്ചുകള്‍ നവംബര്‍ ഒന്നിനു തുറക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത പട്ടികയില്‍ ടൂറിസം മേഖലയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന മുന്‍കരുതലുകളോടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

രണ്ട് ഘട്ടങ്ങളിലായാണ് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നത്. ഹില്‍ സ്റ്റേഷനുകള്‍, സാഹസിക വിനോദ കേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഇന്നുമുതല്‍ തുറക്കാം. ഹൗസ് ബോട്ടുകള്‍ക്കും ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താം. ആയുര്‍വേദ കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.ഹോട്ടല്‍ ബുക്കിങ്, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് എന്നിവ ഓണ്‍ലൈന്‍ വഴിയാണ്. 

മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്ക് 7 ദിവസം വരെയുള്ള സന്ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവര്‍ക്കു ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. വിദേശത്തു നിന്നെത്താന്‍ കോവിഡ് പരിശോധന നിര്‍ബന്ധമാണ്. 

7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍ സഞ്ചാരികള്‍ സ്വന്തം ചെലവില്‍ കോവിഡ് പരിശോധന നടത്തണം.7 ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുകയോ കേരളത്തില്‍ എത്തിയാലുടന്‍ പരിശോധന നടത്തുകയോ ചെയ്യണം. അല്ലെങ്കില്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിയണം. 

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ യാത്ര ചെയ്യരുത്. മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധം. 2 മീറ്റര്‍ അകലം പാലിക്കണം.ശരീരോഷ്മാവ് പരിശോധിക്കാനും കൈകള്‍ സോപ്പിട്ടു കഴുകാനും സൗകര്യമൊരുക്കണം.നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളും അണുവിമുക്തമാക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com