കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല ; ചില്ലറ വിട്ടുവീഴ്ച ചെയ്യണമായിരുന്നുവെന്ന് കെ മുരളീധരന്‍

മൂന്നുമാസം മാത്രം കാലാവധിയുള്ള ഒരു ജില്ലാ പഞ്ചായത്തിനു വേണ്ടി 38 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചത് ശരിയല്ല
കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല ; ചില്ലറ വിട്ടുവീഴ്ച ചെയ്യണമായിരുന്നുവെന്ന് കെ മുരളീധരന്‍

കോഴിക്കോട് : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിടാതെ യുഡിഎഫ് നോക്കേണ്ടതായിരുന്നുവെന്ന് കെ മുരളീധരന്‍ എംപി. കെ കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. അദ്ദേഹം കൂടുതല്‍ ആള്‍ക്കാരെ എടുത്തിട്ടേയുള്ളൂ. ജോസ് കെ മാണി വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാമായിരുന്നു. ചില്ലറ വിട്ടുവീഴ്ച രണ്ടുകൂട്ടരും കാണിക്കണമായിരുന്നു. ജോസ് കെ മാണി ഒരു അബദ്ധം കാണിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു. 

മൂന്നുമാസം മാത്രം കാലാവധിയുള്ള ഒരു ജില്ലാ പഞ്ചായത്തിനു വേണ്ടി 38 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചത് ശരിയല്ല. ഇതിന്റെ പേരില്‍ മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. യുഡിഎഫ് എന്ന ശക്തമായ മുന്നണിയില്‍ നിന്നും ചില കക്ഷികള്‍ വിട്ടുപോകുമ്പോള്‍ അത് തടയാനും, കൂടുതല്‍ കക്ഷികളെ ചേര്‍ക്കണമെന്നുമുള്ള നിര്‍ദേശമാണ് താന്‍ മുന്നോട്ടുവെച്ചത്. അത് ആര്‍ക്കെങ്കിലും എതിരല്ല. 

ഏതെങ്കിലും നേതാക്കള്‍ക്ക് എതിരല്ല, മുന്നണി നേതൃത്വത്തിനും എതിരല്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫിലേക്ക് കൂടുതല്‍ കക്ഷികളെ കൊണ്ടു വരണം. മുന്നണിയിലെ കൊഴിഞ്ഞുപോക്ക് തടയാനാവുന്നില്ല എന്ന ധാരണ ജനങ്ങള്‍ക്കുണ്ട്. കൂടുതല്‍ കക്ഷികള്‍ വിട്ടുപോകുന്നത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com