ഭൂതകാലത്തിളക്കത്തില്‍ നിര്‍വൃതി അടയുന്നതില്‍ കാര്യമില്ല, പിന്നോട്ടടി യാഥാര്‍ഥ്യം; എന്തുകൊണ്ടു പാര്‍ട്ടി വളര്‍ന്നില്ല എന്ന പരിശോധന വേണം: എംഎ ബേബി

'അടിയന്തരാവസ്ഥ'യെ 1975-ല്‍ സോവിയറ്റ് പാര്‍ട്ടിയും യു.എസ്.എസ്.ആര്‍ ഗവണ്‍മെന്റും പിന്താങ്ങിയെങ്കിലും അതിനെ എതിര്‍ത്ത് ത്യാഗപൂര്‍വ്വം പോരാടുകയാണ് സി.പി.എം ചെയ്തത്
ഭൂതകാലത്തിളക്കത്തില്‍ നിര്‍വൃതി അടയുന്നതില്‍ കാര്യമില്ല, പിന്നോട്ടടി യാഥാര്‍ഥ്യം; എന്തുകൊണ്ടു പാര്‍ട്ടി വളര്‍ന്നില്ല എന്ന പരിശോധന വേണം: എംഎ ബേബി

കൊച്ചി: പത്തു പതിറ്റാണ്ടിന്റെ ജീവിതസമരാനുഭവങ്ങളുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ പ്രോജ്ജ്വലമായ ഭൂതകാലത്തിന്റെ തിളക്കത്തില്‍ നിര്‍വൃതി അടയുന്നതില്‍ അര്‍ഥമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാര്‍ട്ടി ഇപ്പോള്‍ പിന്നോട്ടടികളിലൂടെയാണ് കടന്നുപോവുന്നത് എന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടതുണ്ടെന്ന്, കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍ സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനത്തില്‍ ബേബി ചൂണ്ടിക്കാട്ടി. വര്‍ഗീയ-ജാതീയ-വിഭാഗീയ ശക്തികള്‍ വലിയ ബഹുജനസ്വാധീനമാര്‍ജിക്കുമ്പോള്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും എന്തുകൊണ്ട് ശ്രദ്ധേയമായ വളര്‍ച്ച  കൈവരിക്കാനാവുന്നില്ല എന്ന ചോദ്യം ഗൗരവമുള്ളതാണെന്ന് ബേബി ലേഖനത്തില്‍ പറയുന്നു. 

''സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പും തകര്‍ന്നടിഞ്ഞപ്പോഴും പിടിച്ചുനിന്ന സിപിഎം ഇപ്പോള്‍ ചില പിന്നോട്ടടികളിലൂടെയാണ് കടന്നുപോകുന്നത് എന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടിയിരിക്കുന്നു. പശ്ചിമബംഗാളിലേയും ത്രിപുരയിലേയും തെരഞ്ഞെടുപ്പു പരാജയം മാത്രമല്ല, വര്‍ഗീയ-ജാതീയ-വിഭാഗീയ ശക്തികള്‍ വലിയ ബഹുജനസ്വാധീനമാര്‍ജ്ജിക്കുമ്പോള്‍ എന്തുകൊണ്ട് സിപിഎമ്മിനും ഇടതുപക്ഷത്തിനും ശ്രദ്ധേയമായ വളര്‍ച്ച ബഹുജന സ്വാധീനത്തിലും ജനകീയ സമരങ്ങളിലും കൈവരിക്കാനാവുന്നില്ല എന്ന ചോദ്യം ഗൗരവമുള്ളതാണ്. അതിന് ഉത്തരം കണ്ടെ ത്താനുള്ള ആത്മാര്‍ഥമായ അന്വേഷണ പഠനങ്ങളാണ് അര്‍ഥവത്തായ ശതാബ്ദി ആചരണം.''- ബേബി ലേഖനത്തില്‍ പറയുന്നു. 

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ പല ഘട്ടത്തിലും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് ബേബി ലേഖനത്തില്‍ മറുപടി നല്‍കുന്നുണ്ട്. ''കമ്യൂണിസ്റ്റുകാര്‍ മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും എതിരാണെന്നതാണ് ഒരു പ്രചാരണം. മത-ദൈവ വിശ്വാസങ്ങള്‍ക്ക് ചരിത്രപരമായിത്തന്നെ ചില സാമൂഹ്യ പശ്ചാത്തലമുണ്ട് എന്ന് കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വ്വതും അനിശ്ചിതമായ ഇന്നത്തെ ലോകസാഹചര്യമാണ് പ്രകൃത്യാതീത ശക്തിയുടെ രക്ഷതേടാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. മനുഷ്യന്‍ (ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ട ്) സ്വന്തം ഭാഗധേയം രൂപപ്പെടുത്താന്‍ കഴിയുന്ന, വിജയിക്കുന്ന നീതിപൂര്‍വ്വകമായ നവയുഗത്തിന്റെ സൃഷ്ടിയോടെ വിജയം വരിക്കുമ്പോള്‍ സ്വാഭാവികമായിത്തന്നെ ശാസ്ത്രീയ അടിത്തറയില്ലാത്ത എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും വലിയതോതില്‍ അപ്രത്യക്ഷമാകുമെന്നാണ് കമ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്. അത്തരം വിശ്വാസങ്ങളുടെ സാമ്പത്തിക-സാമൂഹ്യ-മനഃശാസ്ത്ര അടിത്തറ സമത്വപൂര്‍ണ്ണമായ സമൂഹത്തില്‍ ഘട്ടംഘട്ടമായി ഉടച്ചുവാര്‍ക്കപ്പെടുന്നതാണ് അതിനു കാരണം. അതുകൊണ്ട് മത-ദൈവ വിശ്വാസങ്ങള്‍ക്കെതിരായ നിരന്തര സമരമല്ല കമ്യൂണിസ്റ്റുകാരുടെ അടിയന്തര കടമ. ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ നിരന്തര പരിശ്രമം നടത്തുന്നതിനൊപ്പം ദുരിതജീവിതമനുഭവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന വിശ്വാസികളായ ബഹുഭൂരിപക്ഷം സാധാരണക്കാരെ അവരുടെ ജീവത്തായ അവകാശ സമരങ്ങളില്‍ അണിനിരത്തുകയാണ് പ്രധാനം. വര്‍ഗ്ഗീയതയ്‌ക്കെതിരായ ബഹുജന പ്രസ്ഥാനത്തെക്കൂടി സഹായിക്കുന്നതാണ് അത്തരത്തിലുള്ള ബഹുമുഖമായ വര്‍ഗ്ഗസമരം. മതവിശ്വാസികള്‍ക്കും അതില്‍ വലിയ പങ്കുവഹിക്കാനാവും. ഇക്കാരണങ്ങളാല്‍ മത-ദൈവവിശ്വാസികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കുന്നതിന് യാതൊരു തടസ്സവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതൊക്കെ മറച്ചുപിടിച്ചുകൊേണ്ടാ മനസ്സിലാക്കാതെയോ ആണ് മത-ദൈവ വിശ്വാസികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് പ്രചരിപ്പിക്കുന്നത്.

ജാതീയമായ അടിച്ചമര്‍ത്തല്‍ ഇന്ത്യന്‍ സമൂഹത്തില്‍ എത്രമാത്രം ഗുരുതരമായ പ്രശ്‌നമാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ത്തുന്നവരുണ്ട്്. വര്‍ഗ്ഗസമരത്തില്‍ ഊന്നുന്നതിനാല്‍, സമത്വപൂര്‍ണ്ണമായ സമൂഹം സൃഷ്ടിക്കപ്പെടുന്നതോടെ ജാതീയ അടിച്ചമര്‍ത്തലും പരിഹരിക്കപ്പെടുമെന്ന കമ്യൂണിസ്റ്റുകാരുടെ തഥാകഥിത സമീപനമാണ് കുറ്റവിചാരണ ചെയ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചില സ്വയം വിമര്‍ശനങ്ങള്‍ നടത്തേതുണ്ടെന്ന വീക്ഷണം ശക്തമാണ്. ഇരുപതു വര്‍ഷം മുന്‍പ് തിരുവനന്തപുരത്തുവച്ച് നടന്ന സവിശേഷ അഖിലേന്ത്യാ സമ്മേളനത്തില്‍ സി.പി.എം അതിന്റെ അടിസ്ഥാനരേഖയായ പാര്‍ട്ടി പരിപാടി കാലോചിതമാക്കിയപ്പോള്‍ ഈ പ്രശ്‌നം കണക്കിലെടുക്കുകയും ഉചിതമായ വിധത്തില്‍ ബന്ധപ്പെട്ട കാഴ്ചപ്പാട് പ്രസ്തുത രേഖയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു. വര്‍ഗ്ഗസമരവും സാമൂഹിക അനീതികള്‍ക്കും അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടവും പരസ്പര പൂരകങ്ങളായി ഇന്ത്യന്‍ അവസ്ഥയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാകണമെന്നതില്‍ സംശയമില്ല. ഇത് രേഖകളില്‍ ഉള്‍പ്പെടുത്തിയത് പ്രധാനമാണ്. എന്നാല്‍, സഖാക്കളുടെ ബോധത്തിന്റെ ഭാഗമാവുകയും പ്രവര്‍ത്തനങ്ങളിലും പോരാട്ടങ്ങളിലും പ്രതിഫലിക്കുകയും ചെയ്യാത്തിടത്തോളം ഇത് നിരര്‍ത്ഥകമാണ് എന്നും മറന്നുകൂടാ. 

വിദേശത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വങ്ങളുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ കണ്ണുമടച്ചു സ്വീകരിക്കുന്നതാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്നോട്ടടിക്കുള്ള മുഖ്യകാരണം എന്നൊരു വിമര്‍ശനവും ഉന്നയിക്കപ്പെടുന്നുണ്ട്. സാര്‍വ്വദേശീയ വീക്ഷണം മുറുകെപ്പിടിക്കുന്നവര്‍ എന്ന നിലയില്‍ പരസ്പരം ബന്ധപ്പെടുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിന്തുടരാറുണ്ട്. എന്നാല്‍ അതൊരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മറ്റേതെങ്കിലും കേന്ദ്രത്തില്‍നിന്ന് തീരുമാനങ്ങളോ നിര്‍ദ്ദേശങ്ങളോ ആജ്ഞകളോ സ്വീകരിക്കുന്ന സമ്പ്രദായമായിട്ടല്ല. യു.എസ്.എസ്.ആറിന്റെ കാലത്ത് സോവിയറ്റ് പാര്‍ട്ടിയെപ്പറ്റിയും ചൈനീസ് പാര്‍ട്ടിയെപ്പറ്റിയും (1960കളില്‍) ഇത്തരം ചില ചിത്രീകരണങ്ങള്‍ പ്രചരിച്ചിരുന്നു. യൂറോപ്പിലോ ഏഷ്യയിലോ ആഫ്രിക്കയിലോ ലാറ്റിനമേരിക്കയിലോ പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റ്/ഇടതുപക്ഷ പാര്‍ട്ടികളില്‍ ഭരണത്തിന്റെ പിന്‍ബലത്തോടെ സോവിയറ്റ്-ചൈനീസ് പാര്‍ട്ടികള്‍ സ്വാധീനം ചെലുത്തിയിട്ടുേണ്ടാ എന്നത് പരിശോധിക്കുന്നത് അക്കാദമിക താല്പര്യമുണര്‍ത്തുന്ന വിഷയം കൂടിയാണ്.  അതെന്തായാലും സി.പി.എം  പ്രവര്‍ത്തകര്‍ക്ക് ഒരു കാര്യം അഭിമാനത്തോടെ വ്യക്തമാക്കാന്‍ കഴിയും. ലെനിന്‍ നയിച്ച പാര്‍ട്ടി എന്ന നിലയില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും മൗസേതൂങ് നയിച്ച പാര്‍ട്ടി എന്ന നിലയില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും അവിടങ്ങളില്‍ നടന്ന മഹത്തായ വിപ്ലവങ്ങളോടും പരിപൂര്‍ണ്ണ ആദരവ് പുലര്‍ത്തുമ്പോള്‍ത്തന്നെ ആ പാര്‍ട്ടികള്‍ കൈക്കൊള്ളുന്ന നിലപാടുകളില്‍ തെറ്റുകള്‍ ഉണ്ടെുന്നു കണ്ടാല്‍ അതു ചൂണ്ടിക്കാട്ടാന്‍ സി.പി.എം ഒരിക്കലും ഭയന്നിട്ടില്ല; മടിച്ചുനിന്നിട്ടില്ല. ഇന്ദിരാഗാന്ധി നടപ്പാക്കിയ സ്വേച്ഛാധിപത്യ ഭീകരവാഴ്ചയായ 'അടിയന്തരാവസ്ഥ'യെ 1975-ല്‍ സോവിയറ്റ് പാര്‍ട്ടിയും യു.എസ്.എസ്.ആര്‍ ഗവണ്‍മെന്റും പിന്താങ്ങിയെങ്കിലും അതിനെ എതിര്‍ത്ത് ത്യാഗപൂര്‍വ്വം പോരാടുകയാണ് സി.പി.എം ചെയ്തത്. അതുപോലെതന്നെ ചൈനീസ് പാര്‍ട്ടി 'മൂന്നുലോക'സിദ്ധാന്തം അവതരിപ്പിക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വം പോലെ തന്നെയാണ് 'സോവിയറ്റ് സോഷ്യല്‍ ഇംപീരിയലിസം' എന്നു വാദിക്കുകയും ചെയ്തപ്പോള്‍ അത് തള്ളിക്കളയാനാണ് സി.പി.എം സന്നദ്ധമായത്. ഇത്തരം 'സ്വാതന്ത്ര്യം' സൈദ്ധാന്തിക കാര്യങ്ങളില്‍ പിന്തുടരാതിരുന്നവരും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതു മറക്കുന്നില്ല. 

എംഎ ബേബിയുടെ ലേഖനം, 'കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദി ഇരുളിലെ പ്രകാശരശ്മികള്‍' പുതിയ ലക്കം മലയാളം വാരികയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com