ശിവശങ്കർ ഐസിയുവിൽ തുടരുന്നു, മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും

ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും
ശിവശങ്കർ ഐസിയുവിൽ തുടരുന്നു, മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം; മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി എം ശിവശങ്കർ. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഐസിയുവിൽ തുടരുകയാണ് അദ്ദേഹം. ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടർചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. 

ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കിയതായാണ് വിവരം. കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത്, ‍ഡോള‍ർ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ധങ്ങളും വിതരണം ചെയ്തതിലെ അന്വേഷണം ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുക. തലസ്ഥാനത്തുളള കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാൽ ആരോഗ്യാവസ്ഥ അടക്കം ചൂണ്ടിക്കാട്ടി ജാമ്യഹർജി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഓർത്തോ ഐസിയുവിൽക്കഴിയുന്ന ശിവശങ്കറിന്‍റെ മൊഴിയെടുത്തതിനുശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താൻ നിയമപരമായി കസ്റ്റംസിന് കഴിയൂ. 

ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോ‍ർഡിൽ കാർഡിയോളജി, ന്യൂറോ സർജറി, ന്യൂറോ വിഭാഗം ഡോക്ടർമാരാണുള്ളത്. നിലവിൽ ശിവശങ്കർ ഐസിയുവിൽ തന്നെ തുടരട്ടെയെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഡോക്ടർമാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടർനടപടികളും. മെഡിക്കൽ ബോർഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്.

വെള്ളിയാഴ്ച വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസിൽ ശിവശങ്കറിനെതിരെ നിർണ്ണായകവിവരങ്ങൾ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. സ്വർണക്കളളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂ‍ർ ജാമ്യം നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com