കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ; പണം തിരികെ നല്‍കുമെന്ന് സ്ഥാപന ഉടമ ; ബിജെപി കരിദിനം ആചരിക്കുന്നു

കേസില്‍ കുമ്മനത്തെ വലിച്ചിഴച്ചതാണെന്ന് ഒന്നാം പ്രതി പ്രവീണ്‍ വി പിള്ള പറഞ്ഞു
കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ; പണം തിരികെ നല്‍കുമെന്ന് സ്ഥാപന ഉടമ ; ബിജെപി കരിദിനം ആചരിക്കുന്നു

തിരുവനന്തപുരം : ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. ആറന്‍മുള സ്വദേശിയായ പരാതിക്കാരന് പണം തിരികെ നല്‍കുമെന്ന് സ്ഥാപന ഉടമ വിജയന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. കേസ്  നിയമ നടപടികളിലേക്ക് കടക്കും മുന്‍പ് പരിഹരിക്കാനാണ് ശ്രമം. 

പ്രശ്‌നപരിഹാരത്തിന് രാഷ്ട്രീയ സമ്മര്‍ദമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം രാജശേഖരന്‍ സാമ്പത്തിക തട്ടിപ്പ്‌കേസില്‍ പ്രതിയായത് ബിജെപിക്ക് തിരിച്ചടിയാണ്. ആറന്മുളയിലെത്തിയ കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയിലെ തന്റെ അടുപ്പക്കാരുമായി വിഷയം ചര്‍ച്ച ചെയ്തു. ഇടപെടലിനു ചിലരെ ചുമതപ്പെടുത്തിയതായും സൂചനകളുണ്ട്. 

അതിനിടെ, കേസില്‍ കുമ്മനത്തെ വലിച്ചിഴച്ചതാണെന്ന് ഒന്നാം പ്രതി പ്രവീണ്‍ വി പിള്ള പറഞ്ഞു. പരാതിക്കാരന് നിരവധി പേരെ താന്‍ പരിചയപ്പെടുത്തി കൊടുത്തിരുന്നുവെന്നും ഒന്നാം പ്രതിയും കുമ്മനം രാജശേഖരന്റെ മുന്‍ പിഎയുമായ പ്രവീണ്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക ഇടപാടില്‍ പങ്കില്ല. പുതിയ സംരംഭം തുടങ്ങിയപ്പോള്‍ നിക്ഷേപകരെ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രവീണ്‍ പറയുന്നത്.

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസിലാണ് കുമ്മനം രാജശേഖരനെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.പണം നിക്ഷേപിക്കുന്നതിന് മുമ്പ് കുമ്മനവുമായി ചർച്ച നടത്തിയിരുന്നെന്ന് പരാതിയിൽ പരാമർശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ നാലാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ പ്രതിയാക്കിയത് സംസ്ഥാന സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. കുമ്മനത്തിനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിന്റെ നിലപാടിനെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കും. വീടുകളിലും കവലകളിലും കരിങ്കൊടി ഉയർത്തി പ്രവർത്തകർ പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com