പിന്നോക്ക വിഭാഗങ്ങളുടെ അവസരങ്ങള്‍ ഹനിക്കപ്പെടില്ല, നടപ്പാക്കിയത് എല്‍ഡിഎഫ് നയം: മുന്നോക്ക സംവരണത്തില്‍ മുഖ്യമന്ത്രി 

മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടി നിമിത്തം പിന്നോക്ക വിഭാഗങ്ങളുടെ അവസരങ്ങള്‍ ഹനിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടി നിമിത്തം പിന്നോക്ക വിഭാഗങ്ങളുടെ അവസരങ്ങള്‍ ഹനിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പറഞ്ഞ കാര്യമാണ് നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പൊതുമത്സരവിഭാഗത്തില്‍ നിന്ന് പത്ത് ശതമാനം മാറ്റിവയ്ക്കുകയാണ് ചെയ്തത്. ആരുടെയും സംവരണം ഇല്ലാതായിട്ടില്ല. ഒരാളുടെ പോലും സംവരണം ഇല്ലാതാക്കുകയുമില്ല.  ദേവസ്വത്തില്‍ ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്തതുകൊണ്ടാണ് ദേവസ്വത്തില്‍ നേരത്തെ അത് നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടി സംസ്ഥാനത്ത് ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന  ജനവിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്തുന്നതിനുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ പരമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍  ഇന്നുള്ള തരത്തില്‍ സംവരണം തുടരുമെന്ന കാര്യത്തില്‍ എല്‍ഡിഎഫ് ഉറച്ചുനില്‍ക്കുന്നു. അവര്‍ക്ക് നല്‍കിവരുന്ന സംവരണം അവര്‍ക്കുതന്നെ ലഭിക്കുമെന്ന് ഉറപ്പാക്കും.  അതോടൊപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഉറപ്പാക്കുമെന്നുമായിരുന്നു പ്രകടന പത്രികയില്‍ പറഞ്ഞത്.

പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. കോണ്‍ഗ്രസടക്കമുള്ളവര്‍ പിന്തുണച്ചു. സന്നിഹതരായിരുന്ന 326 അംഗങ്ങളില്‍ 323 പേര്‍ അനുകൂലിച്ച് പാസാക്കിയ നിയമമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയത്.   നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഈ നിയമം ഹനിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com