കിലോയ്ക്ക് 50,000 വീതം തരാമെന്ന് റമീസ്, ആയിരം ഡോളര്‍ വേണമെന്ന് സ്വപ്‌ന; സ്വര്‍ണക്കടത്തിന്റെ ആദ്യ ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്ത് 

കോണ്‍സുലേറ്റിലേക്കു വരുന്ന നയതന്ത്ര പ്രതിനിധികള്‍ വഴി സ്വര്‍ണം കടത്താനാവുമോ എന്നാണ് റമീസ് ആദ്യം ആരാഞ്ഞത്
കിലോയ്ക്ക് 50,000 വീതം തരാമെന്ന് റമീസ്, ആയിരം ഡോളര്‍ വേണമെന്ന് സ്വപ്‌ന; സ്വര്‍ണക്കടത്തിന്റെ ആദ്യ ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്ത് 

കൊച്ചി: തിരുവനന്തപുരത്ത് പ്രമുഖ ജിംനേഷ്യത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ വച്ചാണ്, നയതന്ത്ര സ്വര്‍ണക്കടത്തിനായുള്ള ആദ്യ ഗൂഢാലോചന നടന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 2019 മെയിലോ ജൂണിലോ നടന്ന ഈ ഗൂഢാലോചനയില്‍ സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, കെടി റമീസ് എന്നിവര്‍ പങ്കെടുത്തതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.

സന്ദീപും റമീസും അടുത്ത സുഹൃത്തുക്കളാണെന്നും 2014ല്‍ തന്നെ റമീസിനു വേണ്ടി സന്ദീപ് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സന്ദീപ് വഴിയാണ് കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സരിത്തിലേക്ക് റമീസ് എത്തുന്നത്. കോണ്‍സുലേറ്റിലേക്കു വരുന്ന നയതന്ത്ര പ്രതിനിധികള്‍ വഴി സ്വര്‍ണം കടത്താനാവുമോ എന്നാണ് റമീസ് ആദ്യം ആരാഞ്ഞത്. അതു നടക്കില്ലെന്ന് അറിയിച്ച സരിത്താണ് നയതന്ത്ര ബാഗേജിന്റെ സാധ്യത അറിയിച്ചത്. ഇതിനെത്തുടര്‍ന്നാണ് റമീസ് തിരുവനന്തപുരത്ത് എത്തി ഗൂഢാലോചന നടത്തിയത്. 

ഒരു കിലോയ്ക്ക് അന്‍പതിനായിരം രൂപ വച്ചാണ് റമീസ് ആദ്യം ഓഫര്‍ ചെയ്തത്. സ്വപ്‌നയും സരിത്തും ഇത് തള്ളി. കിലോയ്ക്ക് ആയിരം ഡോളര്‍ വീതം വേണമെന്ന് ഇവര്‍ നിബന്ധന വച്ചു. കോണ്‍സുലേറ്റ് ജനറലിലും വിഹിതം കൊടുക്കണമെന്നും അതു വേറെ നല്‍കണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. ഒടുവില്‍ കോണ്‍സുലേറ്റ് ജനറലിനുള്ള വിഹിതം അടക്കം ആയിരം ഡോളര്‍ എന്ന ധാരണയില്‍ എത്തുകയായിരുന്നു. കോണ്‍സുലേറ്റ് ജനറലിന് കള്ളക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ആ വിഹിതം സ്വപ്‌നയും സരിത്തും പങ്കുവച്ചെടുക്കുകയായിരുന്നെന്നുമാണ് ഇഡി കരുതുന്നത്.

2019 ജൂലൈയില്‍ രണ്ടു ട്രയല്‍ പാക്കേജുകള്‍ അയച്ചു. ഇതു വിജയം ആയപ്പോഴാണ് നയതന്ത്ര ബാജേഗ് വഴി സ്വര്‍ണം കടത്താനുള്ള പദ്ധതി ഉറപ്പിച്ചത്. എന്നാല്‍ പിന്നീട് ഏതാനും മാസത്തേക്ക് റമീസിന്റെ ഭാഗത്തുനിന്നു നീക്കമൊന്നും ഇല്ലാതായപ്പോള്‍ സ്വപ്‌നയും സരിത്തും അങ്ങോട്ടു ബന്ധപ്പെടുകയായിരുന്നു. കോണ്‍സുലേറ്റ് ജനറല്‍ ഡിസംബറില്‍ മടങ്ങിപ്പോവുമെന്നും എത്തിക്കാവുന്ന അത്ര സ്വര്‍ണം അതിനു മുമ്പു കൊണ്ടുവരാനും അവര്‍ റമീസിനോട് ആവശ്യപ്പെട്ടു. ആരോ ബാഗേജിലും പത്തു കിലോയെങ്കിലും സ്വര്‍ണം എത്തിക്കണമെന്നാണ് അവര്‍ നിര്‍ദേശിച്ചത്. അങ്ങനെ നവംബറില്‍ നാലു തവണയും ഡിസംബറില്‍ 12 തവണയും സ്വര്‍ണം കൊണ്ടുവന്നു. ജനുവരിയിലും മാര്‍ച്ചിലും ഓരോ തവണയാണ് സ്വര്‍ണം കടത്തിയത്. ഏപ്രിലില്‍ കോണ്‍സുല്‍ ജനറല്‍ ദുബൈയിലേക്കു മടങ്ങി. ജുണില്‍ രണ്ടു തവണ സ്വര്‍ണം കൊണ്ടുവന്നതായും അതിന്റെ കമ്മിഷന്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനു കൈമാറിയതായും സരിത്തും സ്വപ്‌നയും മൊഴി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com