വ്യാജ വിലാസത്തിൽ നിന്ന് ഓർഡർ ചെയ്യും, കൊറിയർ എത്തുമ്പോൾ മോഷ്ടിച്ച് തിരിച്ചയക്കും; തട്ടിയെടുത്തത് ആറ് ലക്ഷം രൂപയുടെ സ്വർണം; അറസ്റ്റ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th October 2020 06:39 AM  |  

Last Updated: 28th October 2020 06:39 AM  |   A+A-   |  

gold

പ്രതീകാത്മക ചിത്രം

 

കൊച്ചി; വ്യാജ വിലാസമുണ്ടാക്കി ലക്ഷക്കണക്കിന് രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ കൊറിയർ ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ സ്വദേശി സന്ദീപ് അറസ്റ്റിലായത്. ആലുവ തായിക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു ഇയാൾ. ആറു ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ വ്യാജ വിലാസമുണ്ടാക്കി തട്ടിയെടുത്തത്. 

വ്യാജ വിലാസം ഉണ്ടാക്കി അതിലേക്ക് സ്വർണം ഓർഡർ ചെയ്ത് വരുത്തിയാണ് സന്ദീപ് തട്ടിപ്പ് നടത്തിയത്. സ്വർണത്തിന്റെ പാക്കറ്റ് എത്തുമ്പോൾ അതിൽ നിന്നും കുറച്ച് സ്വർണം മോഷ്ടിക്കും. തുടർന്ന് പായ്ക്കറ്റ് പഴയത് പോലെ ഒട്ടിച്ച് ഈ വിലാസത്തിൽ ആളില്ലെന്ന് അറിയിച്ച് തിരിച്ചയക്കുകയാണ് പതിവ്. 

പക്ഷെ തിരികെ അയച്ച പായ്ക്കറ്റുകൾ ബാംഗ്ലൂരിലെ കമ്പനി ആസ്ഥാനത്ത് സ്കാൻ ചെയ്തതോടെയാണ് മോഷണം നടന്നതായി അറിയുന്നത്. സ്വർണം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ കമ്പനി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിന് ശേഷം ഒളിവിൽ പോയ സന്ദീപിനെ ഡിവൈഎസ്പി ജി വേണുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.