ശിവശങ്കറിനെ കാട്ടി യുദ്ധം വേണ്ട; സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല; മുഖ്യമന്ത്രി

ശിവശങ്കറിനെ മുഖ്യമന്ത്രിയാകുംമുന്‍പ് പരിചയമില്ലായിരുന്നുവെന്നും പിണറായി 
ശിവശങ്കറിനെ കാട്ടി യുദ്ധം വേണ്ട; സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല; മുഖ്യമന്ത്രി


തിരുവനന്തപുരം: ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറിന്റെ വ്യക്തിപരമായ ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന് ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ശിവശങ്കറെ കാട്ടി സര്‍ക്കാരിനെതിരേ യുദ്ധം നടത്തേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിനുപുറകേ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമകരമായ നടപടികളെ തമസ്‌കരിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തെ നയിക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുഴുവന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനുമേല്‍  അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ ഒരഴിമതിയും വെച്ചു വാഴിക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. അഴിമതിക്കാരെ സംരക്ഷിക്കുകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

അഴിമതിയും നികുതിവെട്ടിപ്പും രാജ്യത്തിന്റെ സാമ്പത്തിക കുറ്റങ്ങളും എന്തുവിലകൊടുത്തും ചെറുക്കണമെന്ന ശക്തമായ അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി കേസെടുക്കുകയും ഇത്തരം കൃത്യങ്ങളിലേര്‍പ്പെടുന്നവരെ നീതിന്യായകോടതികള്‍ക്കു മുമ്പില്‍ കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മുന്‍കാലങ്ങളിലെപ്പോലെ നിയമത്തിനതീതമായി മനഃസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അവിടെയാണ് അഴിമതിയുടെ സമീപനത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള കാതലായ വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം ശിവശങ്കറിന്റെ അറസ്റ്റ് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയുമായി കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറിന് ബന്ധമുണ്ട് എന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഐ.ടി. സെക്രട്ടറിയുമായും സേവനമനുഷ്ഠിച്ചുവന്ന ശിവശങ്കറിനെ  അടുപ്പമുണ്ടായിരുന്നു എന്നു കണ്ടപ്പോള്‍ത്തന്നെ അദ്ദേഹത്തെ പദവിയില്‍ നിന്നും മാറ്റി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

ഈ സംഭവത്തില്‍ സംസ്ഥാനസര്‍ക്കാറിനെ കുറ്റപ്പെടുത്താനുള്ളു ഒന്നും തന്നെ ഇല്ല. ആദ്യം പ്രചരിപ്പിച്ചത് ഡ്യൂട്ടി അടയ്ക്കാതെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം വിട്ടുകിട്ടാനായി സംസ്ഥാനസര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തിയെന്നാണ്. ഒരു ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നടന്നുവരവേ മാധ്യമങ്ങള്‍ അദ്ദേഹത്തിന് നേരെ മൈക്ക് നീട്ടുകയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരെങ്കിലും സ്വര്‍ണ്ണം വിട്ടുകിട്ടാനായി ബന്ധപ്പെട്ടിരുന്നോ എന്ന് ചോദിക്കുകയുമുണ്ടായി. ഇല്ല എന്നുള്ള മറുപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്. അദ്ദേഹത്തെ രായ്ക്കുരാമാനം അതിര്‍ത്തികടത്തി വിട്ടത് ഒരു ചര്‍ച്ചാവിഷയമായതേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  

രാജ്യാന്തര കള്ളക്കടത്ത് കേവലം നികുതിവെട്ടിപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല എന്ന അഭിപ്രായം പൊതുമണ്ഡലത്തിലും കേന്ദ്രസര്‍ക്കാരിന് മുമ്പാകെയും മുന്നോട്ടുവച്ചത് സംസ്ഥാനസര്‍ക്കാരാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനത്തിനെതിരെ സമഗ്രവും ഏകോപിതവുമായ അന്വേഷണം ആവശ്യമാണെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിനാവശ്യമായ എല്ലാ സഹായസഹകരണവും നല്‍കാമെന്നും വാഗ്ദാനം ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ജൂലൈ 8ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്നപ്രഭാ സുരേഷ് കെ.എസ്.ഐ.റ്റി.ഐ.എല്ലിന്റെ പ്രോജക്ടായ സ്പേസ് പാര്‍ക്കില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. സംഭവം പുറത്തുവന്ന ഉടനെ അവരുടെ കരാര്‍ സേവനം അവസാനിപ്പിച്ചു. അവരുടെ ബിരുദത്തെ പറ്റിയുണ്ടായ ആരോപണങ്ങളില്‍ പരാതി ലഭിച്ച ഉടനെ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. ധനകാര്യ അന്വേഷണ വിഭാഗം 2011 മുതലുള്ള ഐടി മേഖലയിലെ എല്ലാ നിയമനങ്ങളും ക്രമത്തിലാണോ എന്ന കാര്യത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണ്.

കേന്ദ്രസര്‍ക്കാരിന്റെ കസ്റ്റംസ് ആക്ടിന്റെ ലംഘനം നടക്കുകയും അത് വെളിച്ചത്ത് വരികയും അതില്‍ കസ്റ്റംസ് വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്ത ഒരു കേസിനെ എത്ര വക്രീകരിച്ചാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും തലയില്‍ കെട്ടിവയ്ക്കാനാണ് പ്രതിപക്ഷവും മറ്റുചിലരും ശ്രമിക്കുന്നത്. ഇതിനായി കസ്റ്റംസ് അന്വേഷണത്തില്‍ ഇടപെട്ടുവെന്ന് ആദ്യഘട്ടത്തില്‍ പൊളിഞ്ഞുവീണ അസത്യത്തെ വീണ്ടും വേഷംകെട്ടി എഴുന്നള്ളിക്കുകയാണ്.  

ഇപ്പോള്‍ കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവര്‍ വിവിധ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് സ്വതന്ത്രമായി നടക്കട്ടെ എന്ന അഭിപ്രായമാണ് സര്‍ക്കാരിന്. ഇതില്‍ ഒരു ഏജന്‍സി (സി.ബി.ഐ) സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥര്‍ എന്ന പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് എറണാകുളത്തെ കോടതി മുമ്പാകെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സര്‍ക്കാരിന് നിയമോപദേശം തേടേണ്ടിവന്നു. ലഭ്യമായ നിയമോപദേശം സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഇക്കാര്യത്തില്‍ വിദേശ സംഭാവന (നിയന്ത്രണ) നിയമം 2010 ലംഘിച്ചിട്ടില്ല എന്നാണ്. ഇതിനെത്തുടര്‍ന്നാണ് ബഹു. ഹൈക്കോടതി മുമ്പാകെ ക്രിമിനല്‍ മിസലേനിയസ് ഹര്‍ജി സര്‍ക്കാര്‍ ഫയല്‍ ചെയ്യുകയും ബഹു. ഹൈക്കോടതി 2020 ഒക്ടോബര്‍ 13ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ലൈഫ് മിഷനെതിരെയുള്ള അന്വേഷണം രണ്ട് മാസത്തേയ്ക്ക് സ്റ്റേ ചെയ്യുകയും ചെയ്തത്.

ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ നിയമത്തിന്റെ പരിധി വിട്ട് ഏതെങ്കിലും അന്വേഷണത്തിന്റെ ദിശ മാറിയാല്‍ അതില്‍ നിയമപരമായ പരിഹാരം തേടുന്നതിന് എന്ത് പാകപ്പിഴയാണ് ഉള്ളതെന്ന് ആര്‍ക്കും ഇതേവരെ പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് ശിവശങ്കറുമായി തനിക്ക്  പരിചയമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ വരുമ്പോള്‍ ചുമതലകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥരെ അന്വേഷിച്ചു. ആ ഘട്ടത്തില്‍ മുന്നില്‍ വന്ന പേരുകളിലൊന്നാണ് അത്. നേരത്തെ വ്യത്യസ്ത ചുമതലകളില്‍ പ്രവര്‍ത്തിച്ച ഐ എ എസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ സംശയിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല.

വിവിധ സര്‍ക്കാരുകളുടെ കാലത്ത് മുഖ്യമന്ത്രിമാരുടെ ഓഫീസുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കപ്പെടാറുണ്ട്. ഈ സര്‍ക്കാര്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ അന്ന് ആഭ്യന്തര വകുപ്പിന്റെ  കൂടി ചുമതലയുണ്ടായിരുന്ന നളിനി നെറ്റോ ഐഎഎസിനെയാണ് നിയമിച്ചത്. ശിവശങ്കറിനെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും നിയമിച്ചു. നളിനി നെറ്റോ ചീഫ് സെക്രട്ടറിയായപ്പോള്‍ വി എസ് സെന്തില്‍ ഐ എ എസാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായത്. ശിവശങ്കര്‍ സെക്രട്ടറി സ്ഥാനത്തായിരുന്നു. പിന്നീട് പ്രമോഷന്‍ വന്നപ്പോഴാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ  ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകളെല്ലാം വിശ്വസ്തരാണ്-അവിശാസത്തിന്റെ പ്രശ്നം പ്രത്യേക കാരണങ്ങളില്ലാതെ ഉദിക്കുന്നില്ല. വിവിധ ചുമതലകളില്‍ ഇരുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് കണ്ടെത്തലുണ്ടായത്.

പാര്‍ട്ടി നിര്‍ദേശിച്ചാണ് ശിവശങ്കറിനെ നിയമിച്ചതെന്ന തരത്തിലുള്ള പ്രചാരണവും തെറ്റാണ്. പാര്‍ട്ടി അങ്ങനെ നിര്‍ദേശിക്കുന്ന പതിവില്ല. അഖിലേന്ത്യാ സര്‍വ്വീസിലുള്ള ആ ഉദ്യോഗസ്ഥന്റെ  ബന്ധങ്ങളോ വ്യക്തിപരമായ ഇടപെടലോ സര്‍ക്കാരിന്റെ  ഉത്തരവാദിത്തമാകുന്നില്ല. അത് സര്‍ക്കാരിനെ ബാധിക്കുന്ന തരത്തിലായി എന്നു കണ്ടപ്പോള്‍ നടപടി സ്വീകരിക്കുയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല.

യു.എ.ഇ. കോണ്‍സുലേറ്റ് ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവശങ്കര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കുവേണ്ടി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാകാം. ആ അവസരത്തില്‍ എംബസിയിലെ കോണ്‍സില്‍ ജനറലും അദ്ദേഹത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരുമായും പരിചയപ്പെടാനും ഇടപെടാന്‍ അവസരമുണ്ടാകുകയും ചെയ്തിട്ടുണ്ടാകും. സ്വാഭാവികമായും ചില യോഗങ്ങളില്‍ കോണ്‍സില്‍ ജനറലിനെയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കണ്ടിട്ടുണ്ടാകും.

അതിന് സാധാരണ നടപടിക്ക് അപ്പുറമുള്ള മാനങ്ങള്‍ കാണുന്നത് ദുര്‍വ്യാഖ്യാനമാണ്. കൃത്യമായ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരം രീതി അവലംബിക്കുന്നത്. ക്രമവിരുദ്ധമായ ഒരു ഇടപാടും സര്‍ക്കാരോ രാഷ്ട്രീയ നേതൃത്വമോ നടത്തിയിട്ടില്ല. അങ്ങനെയൊന്നും ചൂണ്ടിക്കാണിക്കാന്‍ ആരോപണമുന്നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടുമില്ല. വ്യക്തിപരമായ നിലയില്‍ എം ശിവശങ്കര്‍ നടത്തിയിട്ടുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയുമല്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍തന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ നിയമപരമായോ ധാര്‍മ്മികപരമായോ ആയ ഒരുത്തരവാദിത്തവും സര്‍ക്കാരിനില്ല. ഒരു നിയമലംഘനത്തെയും ഒരു ഘട്ടത്തിലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുമില്ല.

കേരളത്തിലെ ജനസംഖ്യയുടെ 9 ശതമാനത്തോളം ജനങ്ങള്‍ വിദേശരാജ്യങ്ങളില്‍ തൊഴിലിനായി പോയിട്ടുള്ള പ്രവാസികളാണ്. ഇതില്‍ 22 ലക്ഷത്തോളം ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലാണ്. അതിലെ പ്രമുഖ രാജ്യമായ യു.എ.ഇ കോണ്‍സുലേറ്റ്  തിരുവനന്തപുരത്ത് 2016ല്‍ ആണ് ആരംഭിക്കുന്നത്. ഇന്ത്യയോടും വിശിഷ്യ കേരളത്തോടും സവിശേഷ സൗഹൃദമുള്ള രാജ്യമാണ് യു.എ.ഇ. അവര്‍ നടത്തുന്ന ചടങ്ങുകളില്‍ ക്ഷണം ലഭിച്ചാല്‍ സ്വീകരിക്കുക എന്ന സ്വാഭാവികമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. 2017 യു.എ.ഇ. ഭരണാധികാരി ഇയര്‍ ഓഫ് ഗിവിംഗ് ആയി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു എന്നാണ് കോണ്‍സുല്‍ ജനറല്‍ ഒരു ചടങ്ങില്‍ പ്രസംഗിച്ചത്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ഈന്തപ്പഴം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ മാത്രമാണ് ഇത് വിതരണം ചെയ്തത് എന്നാണ് ചിലരുടെ ധാരണ. കേരളത്തിലിത് ബഡ്സ് സ്‌കൂള്‍, സ്പെഷ്യല്‍ സ്‌കൂള്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ തെറ്റായി ഒന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടില്ല. കസ്റ്റംസിനോ മറ്റ് ഏജന്‍സികള്‍ക്കോ നിയമപരമായി ഏതെങ്കിലു നികുതി ഇക്കാര്യത്തില്‍ ലഭിക്കണമെങ്കില്‍ അവര്‍ക്ക് ആ ജോലി നിര്‍വ്വഹിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com