കാട്ടുപന്നിയെ കുടുക്കാൻവച്ച കെണിയിൽ അകപ്പെട്ട് പുള്ളിപ്പുലി ചത്തു

റബർ തോട്ടത്തിലെ കമ്പിവേലിയിൽ കുരുങ്ങിയ നിലയിൽ ഇന്നലെ രാവിലെയാണു പുള്ളിപ്പുലിയുടെ ജഡം കണ്ടത്
കാട്ടുപന്നിയെ കുടുക്കാൻവച്ച കെണിയിൽ അകപ്പെട്ട് പുള്ളിപ്പുലി ചത്തു

പാലക്കാട്; കാട്ടുപന്നിയെ കുടുക്കാൻവച്ച കെണിയിൽ അകപ്പെട്ട് പുള്ളിപ്പുലി ചത്തു. പാലക്കാട് മുണ്ടൂരിലാണ് സംഭവമുണ്ടായത്. സ്വകാര്യ റബർ തോട്ടത്തിലെ കമ്പിവേലിയിൽ കുരുങ്ങിയ നിലയിൽ ഇന്നലെ രാവിലെയാണു പുള്ളിപ്പുലിയുടെ ജഡം കണ്ടത്. രണ്ടു വയസ്സു തോന്നുന്ന ആൺപുലിയാണ് ചത്തത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. 

ഇന്നലെ രാവിലെ 10 മണിയോടെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു വനപാലകർ‌ സ്ഥലത്തെത്തി. പുലിയുടെ കഴുത്തിൽ കുരുങ്ങിയ കേബിൾ വയർ കസ്റ്റഡിയിലെടുത്തു. കുരുക്കിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചതിനെത്തുടർന്നു പുലിയുടെ ദേഹത്തു കമ്പിവേലി ചുറ്റിമുറുകിയിട്ടുണ്ട്. ജഡം ധോണിയിൽ എത്തിച്ചു. ഇന്നു രാവിലെ 8ന് പോസ്റ്റ്മോർട്ടം നടക്കും. 

അതേസമയം, ഈ പ്രദേശത്തു പുലിയുടെ സാന്നിധ്യം ഇതിനു മുൻപു റിപ്പോർട്ട് ചെയ്തിട്ടില്ല. കാഞ്ഞികുളം മണ്ണിൻകാട് മേഖലയിൽ പുലിശല്യം രൂക്ഷമാണ്. ഇവിടെ വനംവകുപ്പ് കൂട് സജ്ജമാക്കിയിട്ടും പുലി കുടുങ്ങിയിട്ടില്ല. ഈ ഭാഗത്തു നിന്നു വന്ന പുലി സംസ്ഥാന പാത കടന്ന് പ്രദേശത്ത് എത്തിയതാണ് എന്നാണു നിഗമനം. റബർ തോട്ടത്തിനു സമീപം വനപ്രദേശം ഉണ്ട്. പ്രധാന പാതയിൽ നിന്ന് 300 മീറ്റർ മാത്രം ദൂരെയാണു തോട്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com