മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപരന്‍; ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമല്ല; അത്ഭുതപ്പെടാനില്ലെന്ന് തോമസ് ഐസക്

വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ എന്തെല്ലാം അഭ്യാസങ്ങള്‍
മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപരന്‍; ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമല്ല; അത്ഭുതപ്പെടാനില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: വ്യാജ ഒപ്പുവിവാദത്തില്‍ ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി തോമസ് ഐസക്. ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതില്‍ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവര്‍ത്തന രീതിയോ ഫയല്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവര്‍ക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ല്‍ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാന്‍ തോക്കുമായി ഇറങ്ങിയതെന്ന് തോമസ് ഐസക് ഫെയസ്്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്റെ പൂര്‍ണരൂപം


ഇന്ന് വൈകുന്നേരം 4.30ന് ന്യൂസ് 18 കേരളയില്‍ മുഖ്യമന്ത്രിയ്ക്ക് അപരനോ എന്ന വിഷയത്തിലെ ചര്‍ച്ചയുടെ പോസ്റ്റര്‍ കണ്ട് ഞാന്‍ അന്തം വിട്ടുപോയി. അസംബന്ധം എന്ന് ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാവുന്ന ഒരു ആരോപണത്തിന്മേലാണ് ചര്‍ച്ച. അതിന്റെ വസ്തുത സ്വന്തം നിലയ്ക്ക് അന്വേഷിക്കാന്‍ ഈ മാധ്യമസ്ഥാപനത്തിന് ബാധ്യതയില്ലേ?
ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതില്‍ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവര്‍ത്തന രീതിയോ ഫയല്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവര്‍ക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ല്‍ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാന്‍ തോക്കുമായി ഇറങ്ങിയത്. 
ഞാനൊക്കെ ആലപ്പുഴയിലോ  ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോഴും ഫയലുകള്‍ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നല്‍കുന്നത്. ഇ ഫയലാണെങ്കില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിക്കും. പേപ്പര്‍ ഫയലാണെങ്കില്‍, സ്‌കാന്‍ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്‌കാന്‍ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസില്‍ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴ് വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്.
ഈ കേസില്‍ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കല്‍ ഫയലായിരുന്നു. സ്‌കാന്‍ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത. അതും വെച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപരന്‍ എന്നൊക്കെ ആരോപിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ പോകുന്നവരെ സമ്മതിക്കണം. 
വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ എന്തെല്ലാം അഭ്യാസങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com