ബീഫ് അവശ്യ വസ്തുവല്ല, വില നിശ്ചയിക്കാന്‍ അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ 

ദുരിതബാധിത പ്രദേശങ്ങളില്‍ ദുരിതബാധിത സമയത്തു മാത്രമാണ് കളക്ടര്‍ക്ക് വിലയില്‍ താത്കാലിക നിയന്ത്രണങ്ങള്‍ വരുത്താന്‍ അധികാരമുള്ളത്
ബീഫ് അവശ്യ വസ്തുവല്ല, വില നിശ്ചയിക്കാന്‍ അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ 

കോട്ടയം: ബീഫിന്റെ വില നിശ്ചയിക്കാന്‍ അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അവശ്യവസ്തുവായി ബീഫിനെ പരിഗണിക്കാത്തതിനാലാണ് ഇത്. മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് അയര്‍ക്കുന്നം മുണ്ടാട്ട് എം എ സലീമിന്റെ പരാതിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

ഒരു ഭക്ഷ്യവസ്തു എന്ന നിലയില്‍ വിലയില്‍ താത്ക്കാലിക നിയന്ത്രണങ്ങള്‍ വരുത്താന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ദുരന്ത നിവാരണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കളക്ടര്‍ക്ക് ഇതിനാവുക. ദുരിതബാധിത പ്രദേശങ്ങളില്‍ ദുരിതബാധിത സമയത്തു മാത്രമാണ് കളക്ടര്‍ക്ക് വിലയില്‍ താത്കാലിക നിയന്ത്രണങ്ങള്‍ വരുത്താന്‍ അധികാരമുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡിനെ തുടര്‍ന്ന് മാട്ടിറച്ചിയുടെ വില കിലോഗ്രാമിന് 300 രൂപയായി നിജപ്പെടുത്തി വില്‍പന നടത്താന്‍ ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളും പൊലീസും നിര്‍ബന്ധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ്  സലിം ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 

എന്നാല്‍ മാട്ടിറച്ചി അവശ്യവസ്തു അല്ലെന്ന് ചൂണ്ടിക്കാണിച്ച കോടിതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാതിക്കാരനെ നേരിട്ടു കേട്ട് തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ബീഫിന്റെ വില കിലോയ്ക്ക് 300 രൂപയായി നിശ്ചയിക്കാനോ നിയന്ത്രിക്കാനോ കലക്ടര്‍ ഉത്തരവ് ഇറക്കിയിട്ടില്ല.

ഇറച്ചി വ്യാപാരികളുമായി ചര്‍ച്ച നടത്തി കലക്ടര്‍ക്ക് വിലയുടെ കാര്യത്തില്‍ എന്തെങ്കിലും നിര്‍ദേശം നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ആട്ടിറച്ചി, കോഴിയിറച്ചി എന്നിവയുടെ വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. കവര്‍ ചെയ്ത ഫ്രോസന്‍ ബീഫിന് 400 മുതല്‍ 450 രൂപ വരെ വിലയാണ് ഈടാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com