ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിയേക്കും; ശുപാർശ

കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി 22 മുതൽ എല്ലാ സർക്കാർ ഓഫീസുകളും പൂർണതോതിൽ  പ്രവർത്തിച്ചുതുടങ്ങണമെന്നും വകുപ്പ് നിർദേശിച്ചു
ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിയേക്കും; ശുപാർശ

തിരുവനന്തപുരം; സർക്കാർ ഓഫീസുകളിലെ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കാൻ സാധ്യത. അവധി അവസാനിപ്പിക്കാൻ പൊതുഭരണവകുപ്പ് ശുപാർശചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി 22 മുതൽ എല്ലാ സർക്കാർ ഓഫീസുകളും പൂർണതോതിൽ  പ്രവർത്തിച്ചുതുടങ്ങണമെന്നും വകുപ്പ് നിർദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേരുന്ന കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ അവലോകനയോഗത്തിൽ അന്തിമതീരുമാനമുണ്ടാവും.

നിലവിലെ സാഹചര്യം അനുസരിച്ച് അവശ്യസേവനവിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച അവധി തുടരുന്നുണ്ട്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലിചെയ്യേണ്ടിവരുന്നവർക്ക് ഇളവുതുടരാൻ സാധ്യതയുണ്ട്. അവർ അതത് ജില്ലാ കളക്ടർമാർക്കു മുന്നിൽ റിപ്പോർട്ടുചെയ്ത് അവിടങ്ങളിൽ ജോലിചെയ്യണം. പൊതുഗതാഗതം സാധാരണനിലയിലാവുന്ന മുറയ്ക്ക് ഇവരും ഓഫീസിലെത്തണം.

നാലാംഘട്ട തുറക്കലിന്റെ ഭാഗമായി ഏതാണ്ട് എല്ലാ മേഖലകളും തുറക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്. ഓഫീസുകളുടെ പ്രവർത്തനം പൂർണതോതിലാകാത്തത് വികസന, പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുന്നതായും വിലയിരുത്തലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com