കാസര്‍കോട് ഫാഷന്‍ ജ്വല്ലറി തട്ടിപ്പ്; പിആര്‍ഒയെ ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിച്ചു; ലീഗ് നേതാവ് മായിന്‍ഹാജിക്കെതിരെ കേസ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th September 2020 09:57 AM  |  

Last Updated: 15th September 2020 09:59 AM  |   A+A-   |  

kamaruddin

എം.സി കമറുദ്ദീന്‍ എംഎല്‍എ

 


കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യസ്ഥ സമിതിക്ക് മൊഴി നല്‍കാനെത്തിയ ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി.പിആര്‍ഒ മുസ്തഫയെയാണ് ബന്ദിയാക്കിയ ശേഷം മര്‍ദ്ദിച്ചത്. മാനേജറായിരുന്ന സൈനുദ്ദീന്‍ അടക്കം ആറു പേരാണ് മൊഴി നല്‍കാനെത്തിയത്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം മണിക്കൂറുകളോളം ബന്ദിയാക്കിയതായും മുസ്തഫ പരാതിയില്‍ പറയുന്നു. ഇയാളെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മായിന്‍ഹാജിക്കെതിരെ പൊലീസ് കേസെടുത്തു.

പാണക്കാട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിലാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മധ്യസ്ഥ ശ്രമം നടത്താന്‍ കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി എം.സി കമറുദ്ദീന്‍ എംഎല്‍എയില്‍ നിന്നും മാഹിന്‍ ഹാജി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ജീവനക്കാരുടെ വീടുള്‍പ്പെടെ ഭൂമിയുടെ ആധാരവും കൈമാറണമെന്ന ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് കൈയേറ്റത്തിന് കാരണമായി പറയുന്നത്.

എന്നാല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ജീവനക്കാരെ വിളിച്ച് ചര്‍ച്ച നടത്തിയതല്ലാതെ മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മാഹിന്‍ ഹാജി പറഞ്ഞു. രാവിലെ ചര്‍ച്ച തുടങ്ങിയതാണ്. ഭക്ഷണം കഴിച്ചിരുന്നില്ല. വൈകുന്നേരം 4.30-ഓടെ ആക്ഷേപം പറഞ്ഞയാളെ വിളിച്ച് സംസാരിക്കുന്നതിനിടയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ് കുഴഞ്ഞ് വീണതാണ്. ഉടന്‍ ആശുപത്രിയിലേക്ക് കൂടെയുള്ളവര്‍ കൂട്ടിപ്പോവുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

അതേസമയം കേസിന്റെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തും. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്. പി കെ കെ മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തുക. അതേസമയം തട്ടിപ്പ് കേസില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.