വാഹനം കാത്തുനിന്ന വൃദ്ധയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട പ്രതി പിടിയിൽ

ഭാര്യവീടിന്റെ സമീപത്തുള്ള കാട്ടില്‍ ഒളിച്ച് കഴിയവേ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്
വാഹനം കാത്തുനിന്ന വൃദ്ധയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മുക്കത്തിന് അടുത്ത് മുത്തേരിയില്‍ ഓട്ടോയാത്രക്കാരിയായ വയോധികയെ പീഡിപ്പിക്കുകയും, ആഭരണവും പണവും കവർന്ന കേസില്‍ ജുഡീഷല്‍ കസ്റ്റഡിയിലിരിക്കേ ചാടിപ്പോയ ഒന്നാം പ്രതി പിടിയിലായി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലിരിക്കേ കഴിഞ്ഞയാഴ്ച രക്ഷപ്പെട്ട കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ കതിരൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. 

ഇയാളുടെ  ഭാര്യവീടിന്റെ സമീപത്തുള്ള കാട്ടില്‍ ഒളിച്ച് കഴിയവേ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്.   മറ്റൊരു കേസുമായി ബന്ധപ്പെട്ട് മഞ്ചേരിയിലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയില്‍വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 20-ന് രാത്രിയാണ് പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടത്.

കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതി ജമാലുദ്ദീന്‍ ഇന്നലെ പിടിയിലായിരുന്നു. വേങ്ങര ചേറൂര്‍ സ്വദേശിയായ ജമാലുദ്ദീന്‍ (26) ബെംഗളൂരുവിനുസമീപം ജിഗണിയില്‍ നിന്നാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലായ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വൃദ്ധ വാഹനം കാത്തുനില്‍ക്കുമ്പോള്‍ ഒന്നാംപ്രതി മുജീബ് റഹ്മാന്‍ ചോമ്പാലയില്‍നിന്ന് മോഷ്ടിച്ച ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണിതിരുകി ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

വയോധികയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. പീഡനത്തിനുപയോഗിച്ച ഓട്ടോറിക്ഷയ്ക്ക് വ്യാജ നമ്പര്‍പ്ലേറ്റ് തരപ്പെടുത്തിക്കൊടുത്തതും കവര്‍ച്ചചെയ്ത സ്വര്‍ണം കൊടുവള്ളിയില്‍ വില്‍പ്പന നടത്തിയതും കേസിൽ അറസ്റ്റിലായ ജമാലുദ്ദീനും സൂര്യപ്രഭയും ചേര്‍ന്നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com