ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ പഠനം നിഷേധിക്കരുത്, വെബ്‌സൈറ്റിന് രൂപം നല്‍കണം; സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

പഠനത്തിന് ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് വേണ്ടി ഇടപെടാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: പഠനത്തിന് ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് വേണ്ടി ഇടപെടാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ക്ലാസുകള്‍ നഷ്ടപ്പെടരുത്. സൗകര്യങ്ങള്‍ ഇല്ലെന്ന് കുട്ടികള്‍ക്ക് അറിയിക്കാന്‍ പ്രത്യേക വെബ് സൈറ്റ് ആലോചിക്കണം. ഇതുസംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ചീഫ് സെക്രട്ടറിയോടും പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും കോടതി നിര്‍ദേശിച്ചു.

വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും മാതാപിതാക്കളുമാണ് കോടതിയെ സമീപിച്ചത്. സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ പഠനം തടസ്സപ്പെടുന്നു എന്നതാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടരുത്. ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് വിവരങ്ങള്‍ ധരിപ്പിക്കാന്‍ കഴിയുന്നവിധം വെബ്‌സൈറ്റിന് സര്‍ക്കാര്‍ രൂപം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

വെബ്‌സൈറ്റില്‍ കുട്ടികള്‍ക്കും സ്‌കൂളുകള്‍ക്കും വിശദാംശങ്ങള്‍ കൈമാറാന്‍ സാധിക്കണം. ഇതുവഴി കുട്ടികളുടെ പഠനം ഉറപ്പാക്കാന്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദേശ മലയാളികള്‍ എന്നിവയ്ക്ക് സഹായിക്കാന്‍ സാധിക്കും. ഇതിനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. സംസ്ഥാന ഐടി മിഷനുമായി ആലോചിച്ച് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

വെബ്‌സൈറ്റിന് രൂപം നല്‍കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ചീഫ് സെക്രട്ടറിയോടും പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും കോടതി നിര്‍ദേശിച്ചു. ഈയാഴ്ച തന്നെ കേസ് വീണ്ടും കോടതി പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com