'സഹായിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ല', തിരുവോണം ബംപര്‍ ഭാഗ്യശാലിക്ക് അജ്ഞാതന്റെ ഭീഷണി കത്ത്; അന്വേഷണം 

ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഭാഗ്യശാലിക്ക് അജ്ഞാതന്റെ ഭീഷണി കത്ത്
ജയപാലന്‍, ഫയല്‍
ജയപാലന്‍, ഫയല്‍

കൊച്ചി: ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഭാഗ്യശാലിക്ക് അജ്ഞാതന്റെ ഭീഷണി കത്ത്. കൊച്ചി മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനെ തേടി ഒരു മാസത്തിനകം രണ്ടു ഭീഷണി കത്തുകളാണ് എത്തിയത്. ജയപാലന്റെ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 മരടിലെ ഓട്ടോ ഡ്രൈവറാണ് ജയപാലന്‍. ഭാഗ്യം കനിഞ്ഞപ്പോഴും ആഡംബരങ്ങള്‍ക്ക് പിറകെ പോകാതെ സമാധാനമായി ജീവിച്ചു വരുമ്പോഴാണ് സ്വസ്ഥത കെടുത്തിയുള്ള ഭീഷണി കത്തെന്ന് ജയപാലന്‍ പറയുന്നു. നവംബര്‍ 9നാണ് ആദ്യ കത്ത് ലഭിച്ചത്. ചേലക്കരയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ കത്തില്‍ ഒരു ഫോണ്‍ നമ്പറും ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഇതേ അജ്ഞാതന്റെ തന്നെ രണ്ടാമത്തെ ഭീഷണി കത്തും ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന ഒരു കുടുംബത്തിന് ലക്ഷങ്ങള്‍ സാമ്പത്തിക സഹായം ചെയ്തില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് സന്ദേശം. പക്ഷേ ആ കുടുംബത്തിന്റെ വിശദാംശങ്ങളൊന്നും സൂചിപ്പിച്ചിട്ടുമില്ല. 

കത്തില്‍ കുറിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് ഒരു പ്രായമായ സ്ത്രീയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അവര്‍ക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പൊലീസുകാര്‍ ജയപാലനെ അറിയിച്ചത്.

ലോട്ടറി ലഭിച്ച ശേഷം സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും കുറവില്ല. കഴിയും വിധം ആളുകള്‍ക്ക് സഹായം നല്‍കി വരുന്നതായി ജയപാലന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com