രണ്‍ജിത്ത് വധം: പ്രതികള്‍ കേരളം വിട്ടു, പൊലീസ് പിന്നാലെ തന്നെയുണ്ടെന്ന് എഡിജിപി

മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയാണ് പ്രതികള്‍ സഞ്ചരിക്കുന്നതെന്നാണ്‌പൊലീസിനു മനസ്സിലായിട്ടുള്ളത്. ഇത് ഇവരെ കണ്ടെത്തുന്നതില്‍ വെല്ലുവിളിയാണെന്ന് എഡിജിപി
കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്‍
കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്‍

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കേരളം വിട്ടതായി പൊലീസിനു വിവരം ലഭിച്ചു. ഇവരെ കണ്ടെത്താന്‍ സംഘത്തെ നിയോഗിച്ചതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയാണ് പ്രതികള്‍ സഞ്ചരിക്കുന്നതെന്നാണ്‌
പൊലീസിനു മനസ്സിലായിട്ടുള്ളത്. ഇത് ഇവരെ കണ്ടെത്തുന്നതില്‍ വെല്ലുവിളിയാണെന്ന് എഡിജിപി പറഞ്ഞു. പൊലീസ് സംഘം പ്രതികള്‍ക്കു പിന്നാലെ തന്നെയുണ്ട്. എല്ലാവരെയും കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുമെന്ന് എഡിജിപി പറഞ്ഞു.

ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണ് പൊലീസ് മുന്‍ഗണന നല്‍കുന്നത്. വ്യാപാക റെയിഡ് നടത്തുന്നതിന് ഈ ലക്ഷ്യത്തോടെയാണ്. രണ്‍ജിത്ത് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും വിജയ് സാഖറെ പറഞ്ഞു.

രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. 

രണ്‍ജിത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത് ഞായറാഴ്ച

ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസിനെ (45) അക്രമികള്‍ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നില്‍വച്ചു വെട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജിത്തിന്റെ കൊലപാതകം.

ആറു ബൈക്കുകളില്‍ എത്തിയവര്‍ ആദ്യം രണ്‍ജീതിനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചുവീഴ്ത്തി. തടയാനെത്തിയ അമ്മ വിനോദിനിയെ തള്ളിയിട്ടു കഴുത്തില്‍ കത്തിവച്ചു തടഞ്ഞശേഷം രണ്‍ജിത്തിനെ തുരുതുരെ വെട്ടി. 11 വയസ്സുള്ള ഇളയ മകള്‍ക്കു നേരെയും അക്രമികള്‍ വാള്‍ വീശി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com