ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഫയല്‍ ചിത്രം
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഫയല്‍ ചിത്രം

15നും 18നും ഇടയില്‍ 15ലക്ഷം പേര്‍; കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി  

15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.  കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണ്. 

എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായി വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ജനനത്തീയതി അനുസരിച്ച് 18 വയസ് തുടങ്ങുന്നത് മുതല്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ച് 15, 16, 17 വയസുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ മതിയാകും. ഈ പ്രായപരിധിയില്‍ 15 ലക്ഷത്തോളം കുട്ടികളാണുള്ളത്. കുട്ടികളായതിനാല്‍ അവരുടെ ആരോഗ്യനില കൂടി ഉറപ്പ് വരുത്തും. ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ അന്തിമ ഘട്ടത്തിലാണ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 97.58 ശതമാനം പേര്‍ക്ക് (2,60,63,883) ആദ്യ ഡോസ് വാക്‌സിനും 76.67 ശതമാനം പേര്‍ക്ക് (2,04,77,049) രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,65,40,932 ഡോസ് വാക്‌സിനാണ് നല്‍കിയത്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 89.10 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 61.51 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, 59.29 ലക്ഷം 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരാണുള്ളത്. ഈ വിഭാഗങ്ങളിലെ നൂറ് ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സിനും 90 ശതമാനത്തിലധികം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ ഡോസ് അനിവാര്യമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം പറയുന്ന ഗ്രൂപ്പുകള്‍ക്ക് മുന്‍കരുതല്‍ ഡോസ് നല്‍കാനും സംസ്ഥാനം സജ്ജമാണ്.

കുട്ടികളുടെ വാക്‌സിനേഷന്‍ ജനുവരി മൂന്നിന് ആരംഭിക്കുന്നതിനാല്‍ 18 വയസിന് മുകളില്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും രണ്ടാം ഡോസ് എടുക്കാന്‍ സമയം കഴിഞ്ഞവരും ഈ ആഴ്ച തന്നെ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. സംസ്ഥാനത്ത് 26 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാല്‍ കുട്ടികളുടെ വാക്‌സിനേഷനായിരിക്കും പ്രാധാന്യം നല്‍കുക.ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ എല്ലാവരും വാക്‌സിന്‍ എടുത്തെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com