അനീഷിനെ വിളിച്ചു വരുത്തി കൊന്നത്; പുലര്‍ച്ചെ മകന്റെ മൊബൈലിലേക്ക് കോള്‍ വന്നു; കുടുംബവഴക്കില്‍ ഇടപെട്ടതിന്റെ വൈരാഗ്യമെന്ന് അമ്മ

പുലര്‍ച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നിരുന്നു
അനീഷ്, സൈമൺ, ഡോളി / ടെലിവിഷൻ ചിത്രം
അനീഷ്, സൈമൺ, ഡോളി / ടെലിവിഷൻ ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വെച്ച് യുവാവ് കുത്തേറ്റുമരിച്ചത് ആസൂത്രിത കൊലപാതകമെന്ന് ആരോപണം. കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ മാതാപിതാക്കളാണ് ഈ ആരോപണവുമായി രംഗത്തുവന്നത്. കൊല്ലപ്പെട്ട അന്നു പുലര്‍ച്ചെ അനീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നും അമ്മ ഡോളി പറഞ്ഞു. 

പുലര്‍ച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നിരുന്നു. ഇതിന് തങ്ങളുടെ കൈവശം തെളിവുണ്ട്. ഫോണ്‍കോള്‍ ശേഷമാകാം അനീഷ് ആ വീട്ടിലെത്തിയത്. എന്നാല്‍ എപ്പോഴാണ് അനീഷ് വീട്ടില്‍ നിന്നും പോയതെന്ന് തങ്ങള്‍ക്ക്  അറിയില്ല. പൊലീസ് വന്നുപറയുമ്പോഴാണ് മകന്‍ വീട്ടിലില്ലെന്ന കാര്യം അറിയുന്നതെന്ന് അനീഷിന്റെ മാതാപിതാക്കളായ ജോര്‍ജും ഡോളിയും പറയുന്നു. 

പ്രതിയായ സൈണ്‍ ലാലന്‍ കുടുംബവുമായി പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ അനീഷിനെ വിളിക്കുമായിരുന്നു. മുമ്പ് സൈമണിന്റെ വീട്ടിലെ കുടുംബവഴക്കില്‍ അനീഷ് ഇടപെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് അനീഷിന്റെ മാതാപിതാക്കള്‍ സൂചിപ്പിച്ചു. 

ഇരുവീട്ടുകാര്‍ക്കും പരസ്പരം പരിചയമുണ്ട്. അനീഷ് മുമ്പും ആ വീട്ടില്‍ പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ കള്ളനെന്ന് വിചാരിച്ചാണ് കുത്തിയതെന്ന പ്രതി സൈമണിന്റെ വാദം കളവാണ്. സൈമണ്‍ വീട്ടില്‍ വഴക്കുണ്ടാക്കുകയാണെന്നും, മക്കളെ ഓര്‍ത്താണ് സഹിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായും ഡോളി സൂചിപ്പിച്ചു. അച്ഛന്‍ ലാലന്‍ പ്രശ്‌നക്കാരനാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. അമ്മയോ പെണ്‍കുട്ടിയോ വിളിക്കാതെ അനീഷ് ആ വീട്ടില്‍ പോകില്ലെന്നും ഡോളി പറഞ്ഞു. 

സംഭവത്തിന് തലേദിവസം പെണ്‍കുട്ടിയും സഹോദരിയും അമ്മയും അനീഷിനൊപ്പം ലുലുമാള്‍ സന്ദര്‍ശിച്ചിരുന്നതായും വ്യക്തമായി. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സൈമണ്‍ ലാലന്റെ മകളും ഭാര്യയും അനീഷിനൊപ്പം പേട്ട പള്ളിമുക്കിലുള്ള ക്രൈസ്തവ ദേവാലയത്തിലെ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു. പെണ്‍കുട്ടിയും അനീഷും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്ന് അറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ മുറിയില്‍ സൈമണിന്റെ രണ്ടു മക്കളും മുറിയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹോട്ടല്‍ സൂപ്പര്‍വൈസറാണ് അനീഷിന്റെ പിതാവ് ജോര്‍ജ്. അമ്മ ഡോളി വീടിന് സമീപത്ത് ചെറിയൊരു കട നടത്തുന്നുണ്ട്.  നാലാഞ്ചിറ ബഥനി കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അനീഷ്. ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്ന സൈമണ്‍ ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. പേട്ട ചായക്കുടി ലെയ്‌നിലെ ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com