തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് സിപിഎം; ഇന്ന് മുതൽ മൂന്ന് ദിവസം നിർണായക നേതൃ യോ​ഗങ്ങൾ

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് സിപിഎം; ഇന്ന് മുതൽ മൂന്ന് ദിവസം നിർണായക നേതൃ യോ​ഗങ്ങൾ
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍/ ടെലിവിഷന്‍ ചിത്രം
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍/ ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഎം. തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന - സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് സിപിഎം കടക്കുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും നാളെയും മറ്റന്നാളുമായി നടക്കുന്ന സംസ്ഥാന സമിതിയിലും ഇക്കാര്യങ്ങളിൽ പ്രാഥമിക ധാരണയാകും. തുടർ ഭരണമെന്ന ഏക ലക്ഷ്യത്തിൽ നീങ്ങുന്ന സിപിഎമ്മിനെ സംബന്ധിച്ച് നിർണായകമായ നേതൃ യോഗങ്ങളാണ് വരുന്ന മൂന്ന് ദിവസങ്ങളിലായി എകെജി സെൻ്ററിൽ ചേരുന്നത്.  

കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പിന്നാലെ സീറ്റ് വിഭജന- സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കും. ഏതൊക്കെ സീറ്റുകൾ വച്ചുമാറും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ആരൊക്കെ മത്സരിക്കും, ജില്ലാ സെക്രട്ടറിമാരിൽ ആരൊക്കെ മത്സരിക്കും തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യും. തുടർച്ചയായി രണ്ട് തവണ വിജയിച്ചവർ മത്സരിക്കേണ്ട എന്ന തീരുമാനത്തിൽ ഇളവ് നൽകുന്ന കാര്യവും യോ​ഗ​ത്തിൽ ചർച്ച ചെയ്യും.  

ഇടതു മുന്നണിയിൽ പുതിയ ഘടക കക്ഷികൾ വന്ന സാഹചര്യത്തിൽ ചില സീറ്റുകൾ വിട്ടു നൽകി സിപിഎം മാതൃക കാണിക്കേണ്ടി വരും. നേതൃ യോഗങ്ങൾ അവസാനിക്കുന്നതോടെ ഇക്കാര്യങ്ങളിൽ പ്രാഥമിക ധാരണയാകും. 

വിഎസിന് പകരം മലമ്പുഴയിൽ എ വിജയരാഘവൻ മത്സരിക്കുമെന്നു അഭ്യൂഹമുണ്ട്. പാലക്കാട് സിറ്റിങ് എംഎൽഎമാരിൽ പലർക്കും ഇത്തവണ സീറ്റ് കിട്ടിയേക്കില്ല. മന്ത്രിമാരിൽ മിക്കവരും വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന. ഇപി ജയരാജൻ മത്സരിക്കാതിരുന്നാൽ അത് സിപിഎം നേതൃത്വത്തിലെ മാറ്റം ലക്ഷ്യം വച്ചുള്ള നീക്കമായും വിലയിരുത്തപ്പെടും. എങ്കിൽ കെകെ ശൈലജ കൂത്തുപറമ്പിൽ നിന്ന് മട്ടന്നൂരിലേക്ക് മാറിയേക്കും. 

കെഎൻ ബാലഗോപാൽ, പി രാജീവ് തുടങ്ങിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും എംപിമാരായിരുന്ന എംബി രാജേഷ്, പികെ ബിജു  തുടങ്ങിയവരും എഎ റഹീം, ജയ്ക്ക് സി തോമസ്, സച്ചിൻ ദേവ് തുടങ്ങിയ യുവജന സംഘടനാ നേതാക്കളും വിവിധ മണ്ഡലങ്ങളിൽ പരിഗണിക്കപ്പെടുന്നു. ജില്ലാ സെക്രട്ടറിമാരിൽ വിഎൻ വാസവൻ മത്സരിക്കുന്ന കാര്യം ഉറപ്പായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com