സര്‍ക്കാര്‍ വഴങ്ങി; സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവെയ്ക്കുന്നു ; കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ തീരുമാനം

ആരോഗ്യം, റവന്യൂ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം


തിരുവനന്തപുരം : താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം. സ്ഥിരപ്പെടുത്തല്‍ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നതായി മന്ത്രിസഭായോഗം വിലയിരുത്തി. ഇതുവരെ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കില്ല. ആരോഗ്യം, റവന്യൂ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 

ആരോഗ്യ വകുപ്പില്‍ 3000 തസ്തികകള്‍ സൃഷ്ടിക്കും. പരിയാരം മെഡിക്കല്‍ കോളജില്‍ 772, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് - 1200, ആയുഷ് -300, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്  - 728 എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുക. 35 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 151 തസ്തികയും സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 

അട്ടപ്പാടി താലൂക്ക് രൂപീകരിക്കും. അതിനായി തസ്തികകള്‍ സൃഷ്ടിക്കും മണ്ണ് സംരക്ഷണ വകുപ്പില്‍ 111 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോടു ആരാഞ്ഞിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിനോട് വ്യക്തത തേടിയത്. 

പത്തു ദിവസത്തിനകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ഈ നിയമനങ്ങള്‍ പിഎസ്എസി വഴി നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com