നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം : അന്വേഷണം ക്രൈംബ്രാഞ്ചിന് ; പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷണ പരിധിയില്‍

പൊലീസുകാര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്
മരിച്ച രാജനും അമ്പിളിയും കുട്ടികൾക്കൊപ്പം / ഫയൽ ചിത്രം
മരിച്ച രാജനും അമ്പിളിയും കുട്ടികൾക്കൊപ്പം / ഫയൽ ചിത്രം

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെയുള്ള ആത്മഹത്യാശ്രമത്തിനിടെ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഇതുസംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹറ ഉത്തരവിറക്കി. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ദമ്പതികള്‍ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. 

പൊലീസുകാര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ലോക്കല്‍ പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് റൂറല്‍ എസ്പി ബി അശോകന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചിരുന്നത്. 

വീട് ഒഴിപ്പിക്കാനുള്ള പൊലീസിന്റെ തിടുക്കമാണ് മരണത്തിന് കാരണമായതെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രഞ്ജിത്തും രാഹുലും ആരോപിച്ചിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ സ്രമിച്ചിരുന്നില്ലെന്നും, പൊലീസുകാരന്‍ തീ തട്ടി ദേഹത്തേക്ക് ഇടുകയായിരുന്നു എന്നും മരിക്കുന്നതിന് മുമ്പ് രാജന്‍ മൊഴി നല്‍കിയിരുന്നു. 

അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com