പോത്ത് ഇടഞ്ഞോടി, രണ്ടര മണിക്കൂർ നാടിനെ വിറപ്പിച്ചു, അവസാനം മെരുക്കാൻ എരുമയെ ഇറക്കി; പിന്നെ സംഭവിച്ചത്

പോത്തിനെ പിടിച്ചു കെട്ടാൻ നാട്ടുകാരും ഫയർഫോഴ്സും പറ്റാവുന്ന പണിയൊക്കെ ചെയ്തെങ്കിലും രക്ഷയുണ്ടായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം; രണ്ടര മണിക്കൂറോളം നാടിനെ വിറപ്പിച്ച പോത്തിനെ എരുമയെ കൊണ്ടു വന്ന് മെരുക്കി പിടിച്ചുകെട്ടി. കോട്ടയം കോതനല്ലൂർ കുഴിയഞ്ചാലിലാണ് സംഭവമുണ്ടായത്. കശാപ്പിനായി കൊണ്ടുവന്ന പോത്തിനെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ഇടഞ്ഞോടുകയായിരുന്നു. പോത്തിനെ പിടിച്ചു കെട്ടാൻ നാട്ടുകാരും ഫയർഫോഴ്സും പറ്റാവുന്ന പണിയൊക്കെ ചെയ്തെങ്കിലും രക്ഷയുണ്ടായില്ല. അവസാനമാണ് മെരുക്കാനായി എരുമയെ ഇറക്കിയത്. 

കശാപ്പ് തൊഴിൽ ചെയ്യുന്ന ജോയി എന്ന വ്യാപാരിയാണ് ഇതര സംസ്ഥാനത്തു നിന്നും പോത്തുകളെ ലോറിയിൽ കൊണ്ടു വന്നത്. കശാപ്പ് ശാലയ്ക്കു സമീപം റോഡിൽ പോത്തുകളെ ഇറക്കുന്നതിനിടെ ഒരു പോത്ത് ഇടഞ്ഞ് റോഡിലൂടെ ഓടുകയായിരുന്നു. ഇതോടെ തൊഴിലാളികളും പോത്തിന് പിറകേ കൂടി. പോത്ത് ഇടഞ്ഞ് റോഡിലൂടെ വരുന്നതായി അറിഞ്ഞതോടെ പലരും റോഡുകളിൽ നിന്നും സമീപത്തെ കടകളിൽ നിന്നും ഓടി രക്ഷപ്പെട്ടു.

സംഭവം അറിഞ്ഞ് കടുത്തുരുത്തിയിൽ നിന്നും അഗ്നിശമന സേനയും സ്ഥലത്ത് എത്തി. ഇതോടെ പോത്ത് പലരെയും ആക്രമിച്ചതായി നാട്ടിൽ ഭീതി പരത്തുന്ന കഥകളും പരന്നു. പോത്തിനെ അനുനയിപ്പിച്ച് പിടിച്ചു കെട്ടാൻ കശാപ്പ്കാരും അഗ്നിശമന സേനയും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനിടെ പോത്ത് കുഴിയഞ്ചാലിൽ നിന്നും പാറേൽ പള്ളി ഭാഗത്ത് ഓടി എത്തി വെള്ളാമറ്റം പാടത്തേക്ക് ഇറങ്ങിയിരുന്നു.  

തുടർന്ന് പോത്തിനെ അനുനയിപ്പിക്കാൻ കോതനല്ലൂരിൽ നിന്നും ലോറിയിൽ ഒരു എരുമയെ എത്തിച്ച് പോത്തിനരികിലേക്ക് അഴിച്ചു വീട്ടു. എരുമയെ കണ്ടതോടെ പോത്ത് അതിന്റെ പിന്നാലെ കൂടുകയും പോത്തിനെ വരുതിയിലാക്കി പിടിച്ചു കെട്ടി വാഹനത്തിൽ കയറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com