പിണറായി വിജയന്‍, ബിജു പ്രഭാകര്‍ / ഫയല്‍ ചിത്രം
പിണറായി വിജയന്‍, ബിജു പ്രഭാകര്‍ / ഫയല്‍ ചിത്രം

കെഎസ്ആര്‍ടിസി വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി ; ബിജു പ്രഭാകറിനെ വിളിച്ചുവരുത്തി ; വിവാദപ്രസ്താവനകള്‍ വേണ്ടെന്ന് നിര്‍ദേശം

പരിഷ്‌കരണ നടപടികളില്‍ സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിപ്പിച്ച് വിശദീകരണം തേടി. വിവാദ പ്രസ്താവനകള്‍ മുഖ്യമന്ത്രി വിലക്കി. നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി ബിജു പ്രഭാകറിനോട് നിര്‍ദേശിച്ചു. 

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ക്കെതിരെ ബിജു പ്രഭാകര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരു വിഭാഗം തൊഴിലാളികളാണ് കെഎസ്ആര്‍ടിസിയിലെ പരിഷ്‌കരണങ്ങളെ തുരങ്കം വെയ്ക്കുന്നത്. ഇവര്‍ കൃത്യമായി ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുകയാണെന്നും ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു. 

എംഡിയുടെ പ്രസ്താവനക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ്, ഇന്നലെ ക്ലിഫ് ഹൗസിലേക്കാണ് മുഖ്യമന്ത്രി കെഎസ്ആര്‍ടിസി എംഡിയെ വിളിപ്പിച്ചത്. കെഎസ്ആര്‍ടിസിയിലെ പരിഷ്‌കരണങ്ങളില്‍ മാനേജ്‌മെന്റിനെതിരെ ചിലര്‍ കള്ളപ്രചാരണങ്ങള്‍ നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നതെന്ന് ബിജു പ്രഭാകര്‍ അറിയിച്ചു. 

കെഎസ്ആര്‍ടിസിയിലെ പരിഷ്‌കരണം സര്‍ക്കാരിന്റെ അജണ്ടയിലുള്ള കാര്യമാണ്. കെഎസ്ആര്‍ടിസിയെ രക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴിലാളി സംഘടനകളെയും ഉദ്യോഗസ്ഥരെയും വെറുപ്പിച്ചുകൊണ്ടുള്ള സമീപനം ഒഴിവാക്കണം. പരിഷ്‌കരണ നടപടികളില്‍ സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഇന്ന് ഉച്ചയ്ക്ക് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം വൈകീട്ട് ബിജു പ്രഭാകര്‍ വീണ്ടും മുഖ്യമന്ത്രിയെ കണ്ടെക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com