മൈക്ക് വലിച്ചെറിഞ്ഞ എംഎല്‍എ വിചാരണ നേരിട്ടേ തീരൂ; നിയമസഭയിലെ കയ്യാങ്കളി അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി

കേസ് തീര്‍പ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിയമസഭയില്‍ നടന്ന കയ്യാങ്കളി അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. കേസ് പിന്‍വലിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എം ആര്‍ ഷായും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്ത് സന്ദേശമാണ് അക്രമത്തിലൂടെ എംഎല്‍എമാര്‍ നല്‍കിയതെന്നും സുപ്രീംകോടതി ചോദിച്ചു.

കേസ് തീര്‍പ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഹര്‍ജി പരിഗണിക്കുന്നത് ഈമാസം പതിനഞ്ചിലേക്ക് മാറ്റി.

കര്‍ശനമായ നടപടി സ്വീകരിക്കേണ്ട വിഷയമാണിതെന്ന് പ്രഥമ ദൃഷ്ട്യ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. സഭയിലെ മൈക്ക് വലിച്ചെറിഞ്ഞ എംഎല്‍എ ഉറപ്പായും വിചാരണ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനകാര്യ ബില്‍ പാസാക്കുന്നത് തടഞ്ഞ ഒരു എംഎല്‍എയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും ബില്ലുകള്‍ പാസ്സാക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നിയമസഭകളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ പാര്‍ലമെന്റിലും നടക്കുമെന്ന് ജസ്റ്റിസ് ഷാ അഭിപ്രായപ്പെട്ടു.   

1984ലെ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം എംഎല്‍എമാര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. കേസ് തീര്‍പ്പാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികള്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. 

സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത് എന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com