കോട്ടയം: നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ എം മാണിയുടെ പേരില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. അങ്ങനെയൊരു പരാമര്‍ശവുമില്ല. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാണിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നത് വിലപ്പോവില്ല. യുഡിഎഫ് നേതാക്കളുടെ നീക്കം ഫലം കാണില്ല. ഏത് സാഹചര്യത്തിലാണ് കയ്യാങ്കളി നടന്നതെന്ന കോടിയുടെ ചോദ്യത്തിന് ആരോപണം ഉണ്ടായിരുന്നു എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. അവിടെയും മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതാണ്. ആരോപണമുണ്ട് എന്ന് പറഞ്ഞാല്‍ കുറ്റക്കാരനാണോ എന്നര്‍ത്ഥം എന്നും ജോസ് കെ മാണി ചോദിച്ചു.
കെ എം മാണിക്ക് എതിരായ ആരോപണങ്ങള്‍ യുഡിഎഫ്, എല്‍ഡിഎഫ് ഭരണകാലത്ത് അന്വേഷിച്ച് മാണി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും രണ്ട് പ്രാവശ്യം വിജിലന്‍സ് അന്വേഷിക്കുകയും വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആദ്യ പ്രതികരണം നടത്തിയത്. എന്നാല്‍ പിന്നീട് എല്‍ഡിഎഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ വിശദ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു പരാമര്‍ശം നടന്നിട്ടില്ലെന്ന് വ്യക്തമായി എന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക