നേരിടേണ്ട രീതിയില്‍ നേരിടും; കടകള്‍ തുറക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ല; മുഖ്യമന്ത്രി

കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സാഹചര്യമാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: കടകള്‍ തുറക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സാഹചര്യമാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമായത്. ഇളവ് വരുത്താവുന്നിടങ്ങളില്‍ ഇളവ് അനുവദിക്കും. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരത്തില്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാവണം. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളമായി  ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നാല്‍ നേരിടേണ്ട രീതിയില്‍ അതിനെ നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു.  കാറ്റഗറി എ, ബി, സി വിഭാഗങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ള കടകളും സ്ഥാപനങ്ങളും രാത്രി 8 മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക്   പ്രവേശനം അനുവദിക്കും. ഇലക്ട്രോണിക്‌സ് കടകള്‍ കൂടുതല്‍ ദിവസങ്ങളില്‍  തുറക്കാന്‍ അനുവദിക്കും.  കടുത്ത നിയന്ത്രണങ്ങള്‍  ഏര്‍പ്പെടുത്തേണ്ട പ്രദേശങ്ങളില്‍ മൈക്രോ കണ്ടെയ്‌ന്മെന്റ് സോണ്‍ പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കി. 

എല്ലാ കടകളും വ്യാഴാഴ്ച മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് അറിയിച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി സമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com