അനന്യ കുമാരിയുടെ മരണത്തില്‍ അന്വേഷണം; ലിംഗമാറ്റ ശസ്ത്രക്രിയകളില്‍ പരിശോധനയ്ക്ക് വിദഗ്ധ സമിതി

ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു
അനന്യകുമാരി അലക്‌സ്/ഫെയ്‌സ്ബുക്ക്
അനന്യകുമാരി അലക്‌സ്/ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞദിവസം കൊച്ചിയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് അനന്യ കുമാരിയെ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പാളിച്ച പറ്റിയതിനെ തുടര്‍ന്ന് താന്‍ ദുരിതമനുഭവിക്കുകയാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ് അനന്യ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിക്കാനായി നോമിനേഷന്‍ നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്നും താന്‍ മാനസ്സിക, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്നും അനന്യ പറഞ്ഞിരുന്നു. 

കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com