നാലു കുട്ടികള്‍ ഉള്ള കുടുംബത്തിന് 2000 രൂപവീതം; പഠനത്തിലും ജോലിയിലും മുന്‍ഗണന: പ്രഖ്യാപനവുമായി പത്തനംതിട്ട രൂപതയും

കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സഹായം നല്‍കുമെന്ന സിറോ മലബാര്‍ സഭ പാലാ രൂപതയുടെ വിവാദ പരസ്യത്തിന് പിന്നാലെ സമാന അറിയിപ്പുമായി മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയും രംഗത്ത്
മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ആസ്ഥാനം
മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ആസ്ഥാനം


പത്തനംതിട്ട: കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സഹായം നല്‍കുമെന്ന സിറോ മലബാര്‍ സഭ പാലാ രൂപതയുടെ വിവാദ പരസ്യത്തിന് പിന്നാലെ സമാന അറിയിപ്പുമായി മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയും രംഗത്ത്. നാല് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മാസം രണ്ടായിരം രൂപ സഹായം നല്‍കുമെന്നാണ് പത്തനംതിട്ട രൂപതയുടെ പ്രഖ്യാപനം. 

നാലാമത്തെ കുഞ്ഞിന്റെ പ്രസവ ചെലവിലേക്ക് സഹായം നല്‍കും. ഈ കുടുംബങ്ങള്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ആവശ്യമെങ്കില്‍ ജോലിക്ക് മുന്‍ഗണന നല്‍കും. രൂപത സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് അഡ്മിഷന് മുന്‍ഗണന. ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസാണ് സര്‍ക്കുലര്‍ ഇറക്കിയത്. 

കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന സിറോ മലബാര്‍ സഭ പാലാ രൂപതയുടെ പരസ്യം വിവാദമായിരുന്നു. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ജനസംഖ്യ കുറയുന്നതായുള്ള ചര്‍ച്ചകളുടെ തുടര്‍ച്ചയായി ആയിരുന്നു ഇത്തരത്തിലൊരു പ്രഖ്യാപനം വന്നത്. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നായിരുന്നു പാലാ രൂപതയുടെ പ്രഖ്യാപനം.

ഒരു കുടുംബത്തിലെ നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും പാലാ രൂപതയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പരസ്യത്തില്‍ പറയുന്നു.

ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുന്നതാണെന്നും പരസ്യത്തില്‍ പറയുന്നു.പാലാ രൂപതയുടെ കുടുംബവര്‍ഷം 2021 ആഘോഷത്തിന്റെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com