'കുറ്റം സമ്മതിച്ചതിന്റെ പേരിൽ മാത്രം ശിക്ഷിക്കരുത്'; ഏഴിന മാർ​ഗ നിർദേശങ്ങൾ ചൂണ്ടി ഹൈക്കോടതി

കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന ഉത്തരം ന‍ൽകിയതിന്റെ പേരിൽ മാത്രം ഒരാളെ ശിക്ഷിക്കരുതെന്ന് ഹൈക്കോടതി
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന ഉത്തരം ന‍ൽകിയതിന്റെ പേരിൽ മാത്രം ഒരാളെ ശിക്ഷിക്കരുതെന്ന് ഹൈക്കോടതി.  പ്രതി കുറ്റം സമ്മതിച്ചതായി കണക്കാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് വി ജി അരുൺ നിർദേശിച്ചു. 
ഇക്കാര്യത്തിലെ നിയമ വ്യവസ്ഥകളും കീഴ്‌വഴക്കങ്ങളും അനുസരിച്ച് പിന്തുടരേണ്ട മാർഗനിർദേശങ്ങൾ ഹൈക്കോടതി വിശദീകരിച്ചു.

മലപ്പുറം ആനക്കയം സ്വദേശി റസീൻ ബാബുവിന് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. 2014 ൽ ചെമ്മാടിൽ സ്കൂൾ പ്രവേശന ഘോഷയാത്ര തടസ്സപ്പെടുത്തിയ കേസിൽ പ്രതിയായ മലപ്പുറം ആനക്കയം സ്വദേശി റസീൻ ബാബുവിനെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ച നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

കുറ്റം സമ്മതിച്ചു എന്നതു കണ്ടെത്താൻ വിചാരണ കോടതി സ്വീകരിച്ച നടപടി ക്രമങ്ങൾ ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹർജി. കുറ്റം സമ്മതിക്കുന്നതിന്റെ പരിണതഫലങ്ങൾ മനസ്സിലാക്കി തന്നില്ലെന്നാണ് ഹർജിയിൽ റസീൻ ബാബു പറയുന്നത്. പരിണിതഫലങ്ങൾ എന്താവുമെന്ന് അറിയാതെയുള്ള പ്രവൃത്തി മൂലം ടെലി കമ്യൂണിക്കേഷൻ കോൺസ്റ്റബിൾ പട്ടികയിലുണ്ടായിട്ടും നിയമനം നിഷേധിക്കപ്പെട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കേസ് 2017 മാർച്ച് ഒമ്പതിന് വിചാരണക്കോടതിയുടെ പരിഗണനയ്ക്കുവന്നപ്പോൾ തെറ്റുചെയ്തിട്ടില്ലെന്നാണ് പ്രതി പറഞ്ഞതെന്ന് രേഖകളിൽനിന്ന് വ്യക്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി. 2018 ഏപ്രിൽ 24-നാണ് കേസ് വീണ്ടും വിചാരണക്കോടതിയുടെ പരിഗണനയ്ക്ക് വന്നു. അപ്പോഴും തെറ്റുചെയ്തിട്ടുണ്ടോ എന്ന്‌ കോടതി ആരാഞ്ഞു. ഇത്തവണ ഉണ്ടെന്നായിരുന്നു പ്രതിയുടെ ഉത്തരം.

ഇതുസംബന്ധിച്ച 7 നടപടി ക്രമങ്ങളും കോടതി വിശദീകരിച്ചു. 1)കുറ്റാരോപിതനെതിരേയുള്ള കുറ്റങ്ങൾ വ്യക്തമാക്കി മജിസ്‌ട്രേറ്റ് കുറ്റങ്ങൾ ചുമത്തണം. 2) അവ കുറ്റാരോപിതനെ വായിച്ചു കേൾപ്പിക്കുകയും വിശദീകരിക്കുകയും വേണം. 3) അതിനുശേഷം ഈ കുറ്റങ്ങൾ ചെയ്തതായി സമ്മതിക്കുന്നുണ്ടോ എന്നു ചോദിക്കണം.4) ആരോപണങ്ങളുടെ ഗൗരവം മനസ്സിലാക്കി സ്വമേധയാ പ്രതി സമ്മതിക്കുന്നതായിരിക്കണം കുറ്റസമ്മതം. 5) കുറ്റസമ്മതം കഴിവതും പ്രതിയുടെ വാക്കുകളിൽതന്നെ രേഖപ്പെടുത്തണം. 6) ഇതെല്ലാം കണക്കിലെടുത്തായിരിക്കണം പ്രതി കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് മജിസ്‌ട്രേറ്റ് വിവേചന ബുദ്ധിയോടെ തീരുമാനിക്കേണ്ടത്. 7) കുറ്റസമ്മതം സ്വീകരിച്ചാൽ മാത്രമേ പ്രതിയെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കാവൂ എന്നും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com