'സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി'; ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നയുടെ മൊഴി 

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, സ്വപ്‌ന സുരേഷ്/ ഫയല്‍ ചിത്രം
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, സ്വപ്‌ന സുരേഷ്/ ഫയല്‍ ചിത്രം

കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാം റിപ്പോര്‍ട്ടില്‍ ആണ്  സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന സ്വപ്നയുടെ മൊഴിയുള്ളത്. സ്പീക്കര്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി എന്നത് അടക്കം ഡിസംബര്‍ 16ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍ വച്ച് ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുന്‍പാകെ സ്വപ്‌ന നല്‍കിയ മൊഴിയാണ്  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നയുദ്ധം ആരംഭിച്ച പശ്ചാത്തലത്തിലാണ് സ്വപ്‌നയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. സ്പീക്കര്‍ ദുരുദ്ദേശ്യത്തോടെ തിരുവനന്തപുരം പേട്ടയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പ്രധാന ആരോപണം. അത് തന്റെ ഒളിസങ്കേതമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തിനൊപ്പമാണ് താന്‍ സ്പീക്കറെ കാണാന്‍ ഫ്ളാറ്റിലേക്ക് പോയത്. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിതാത്പര്യങ്ങള്‍ക്ക് നിന്നുകൊടുക്കാത്തതിന്റെ പേരില്‍ മിഡില്‍ ഈസ്റ്റ് കോളജില്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലി ഇല്ലാതായെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.

ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ തനിക്ക് സുരക്ഷിതത്വം തോന്നാനായി അദ്ദേഹം ഫ്ളാറ്റിന്റെ യഥാര്‍ഥ ഉടമസ്ഥാവകാശത്തെക്കുറിച്ച് പറഞ്ഞിരുന്നു. മിഡില്‍ ഈസ്റ്റ് കോളേജില്‍ ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ടെന്നും, പേട്ടയിലെ ഫ്ളാറ്റ് മറ്റൊരാളുടെ പേരിലാണെങ്കിലും അദ്ദേഹത്തിന്റേതാണെന്നും സ്വപ്ന വെളിപ്പെടുത്തി.

സരിത്തിന് സ്പീക്കര്‍ പണമടങ്ങിയ ബാഗ് കൈമാറുന്നതിന് താന്‍ സാക്ഷിയാണ്. ഇതിന് മുമ്പാണ് സരിത്തും സന്ദീപും അവരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി സ്പീക്കറെ ആവശ്യപ്പെട്ടത്. ഇവരുടെ ആവശ്യപ്രകാരം താനാണ് സ്പീക്കറെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചത്. 

താന്‍ സാധാരണയായി ഒന്നും സൗജന്യമായി ചെയ്തു കൊടുക്കാറില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. തുടര്‍ന്ന് സരിത്തിനോടും സന്ദീപിനോടും സ്പീക്കറെ നേരിട്ടുപോയി ക്ഷണിക്കാന്‍ ആവശ്യപ്പെട്ടു. വിലകൂടിയ ഒരു വാച്ചുമായാണ് സരിത്തും സന്ദീപും സ്പീക്കറുടെ ഓഫീസില്‍ പോയത്. സ്പീക്കര്‍ അവരുടെ ക്ഷണം സ്വീകരിച്ച് ഉദ്ഘാടനത്തിന് വരാമെന്ന് സമ്മതിച്ചു. ഇതിലൂടെയാണ് സ്പീക്കര്‍ സന്ദീപും സരിത്തുമായി കൂടുതല്‍ അടുത്തത്.

സന്ദീപിന്റെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി പ്രമോട്ട് ചെയ്യാന്‍ സ്പീക്കര്‍ എം ശിവശങ്കറോട് ആവശ്യപ്പെട്ടിരുന്നു.  തന്റെ കാലാവധി കുറച്ചുനാളത്തേക്കാണെന്നും ഇതിനുള്ളില്‍ കുറച്ച് സമ്പാദ്യം ഉണ്ടാക്കണമെന്നും സ്പീക്കര്‍ പറഞ്ഞതായും മൊഴിയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com