മഹാ ഇടയന് വിട, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓർമയായി

ഏപ്രിൽ 27ന് 104 വയസു തികഞ്ഞ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത/ ഫെയ്സ്ബുക്ക്
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത/ ഫെയ്സ്ബുക്ക്

പത്തനംതിട്ട; മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതോടെ കുമ്പനാട്ടേക്ക് മടങ്ങുകയായിരുന്നു. 

സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ  ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനാണ് അദ്ദേഹം. ഏപ്രിൽ 27ന് 104 വയസു തികഞ്ഞ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു. എഴുത്തിലൂടെയും പ്രസം​ഗത്തിലൂടെയും ചിന്തയും ചിരിയും നിറക്കുന്ന അദ്ദേഹത്തെ 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 

1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനം അലങ്കരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007-ൽ സ്ഥാനത്യാഗം ചെയ്ത ശേഷം ആണ് മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്. ക്രിസോസ്റ്റം എന്ന പേരിനെ അന്വർത്ഥാമാക്കുന്ന സുവർണ്ണ നാക്കുള്ളവൻ തന്നെയായിരുന്നു അദ്ദേഹം. നാളെ തിരുവല്ലയിൽ വച്ചാണ് അദ്ദേഹത്തിന്റെ സംസ്കാരം.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-നാണ് മാർ ക്രിസോസ്റ്റം ജനിച്ചത്.  ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com