ന്യൂഡല്‍ഹി: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. അഡ്മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് അതേപടി നടപ്പാക്കില്ല. ജനങ്ങളുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. അമിത് ഷായുമായിയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഇറക്കിയിരിക്കുന്ന വിജ്ഞാപനങ്ങള്‍ അതേപടി നടപ്പാക്കില്ല. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിച്ചുകൊണ്ടുള്ള നടപടികള്‍ മാത്രമേ ഉണ്ടാകൂ എന്ന ഉറപ്പാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്ക് എതിരെ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വവും ലക്ഷദ്വീപിന്റെ ചുമതലയുമുള്ള ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയും ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടത്. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ഇവര്‍ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ