'എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്', വെറും 50,000രൂപ വാങ്ങി സുധീർ ജീവിതം നശിപ്പിച്ചു: ആലുവ സിഐക്കെതിരെ മറ്റൊരു യുവതികൂടി 

സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ലെന്നും പണത്തിന് വേണ്ടി അയാൾ എന്തും ചെയ്യുമെന്നും യുവതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ആലുവ സിഐ സി എൽ സുധീറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഗാർഹിക പീഡന പരാതി നൽകിയ മറ്റൊരു യുവതി കൂടി രം​ഗത്ത്. ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കിൽ നാളെ തന്റെ പേരും കേൾക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുധീറിനെതിരെ യുവതി ആരോപണമുന്നയിച്ചത്. ആലുവ സ്റ്റേഷനിലെത്തിയ തന്റെ പരാതി രേഖപ്പെടുത്താൻ പോലും അയാൾ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു. 

"ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാൻ ആശുപത്രിയിൽ കഴിഞ്ഞത്. ഭർത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊളിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ ഭർത്താവും സിഐയും കൂടി എല്ലാം തേച്ചു മായച്ചു കളഞ്ഞു", യുവതി പറഞ്ഞു. 

സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ലെന്നും പണത്തിന് വേണ്ടി അയാൾ എന്തും ചെയ്യുമെന്നും യുവതി പറയുന്നു. തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും പരാതി തേച്ചുമായ്ച്ച് കളയാൻ 50,000 രൂപയാണ് ഭർത്താവിൽ നിന്ന് സിഐ വാങ്ങിയതെന്നും യുവതി പറഞ്ഞു. "എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്. പണത്തിന് വേണ്ടി മാത്രമാണ് അയാൾ ജീവിക്കുന്നത്", അവർ കൂട്ടിച്ചേർത്തു. 

അവഹേളിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പിൽ മൊഫിയ പർവീൺ

ആലുവ എടയപ്പുറം സ്വദേശി മൊഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ സുധീറിനെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി. യുവതി ജീവനൊടുക്കിയ സംഭവം ഡിവൈഎസ്പി അന്വേഷിക്കുമെന്ന് റൂറൽ എസ്പി കെ കാർത്തിക് അറിയിച്ചു. യുവതിയുടെ ആത്മഹത്യ അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു. ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകാൻ എത്തിയപ്പോൾ, പൊലീസ് അവഹേളിച്ചുവെന്ന് യുവതി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com