ദത്ത് വിവാദം: സിഡബ്ല്യുസിക്കും ശിശുക്ഷേമസമിതിക്കും ഗുരുതര വീഴ്ച; പരാതി ലഭിച്ചശേഷവും ദത്ത് നടപടികളുമായി മുന്നോട്ട് പോയി ; വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്

ശിശുക്ഷേമസമിതി രജിസ്റ്ററിലെ ഒരു ഭാഗം മായ്ച്ചുകളഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തി
അനുപമയും അജിത്തും/ ഫയൽ ചിത്രം
അനുപമയും അജിത്തും/ ഫയൽ ചിത്രം
Published on
Updated on

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ സിഡബ്ല്യുസിയുടേയും ശിശുക്ഷേമസമിതിയുടേയും ഭാഗത്തു നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചകളെന്ന് വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ട്. അനുപമ പരാതിയുമായി എത്തിയശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമ റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജ്ജിന് കൈമാറി. 

ശിശുക്ഷേമസമിതി രജിസ്റ്ററിലെ ഒരു ഭാഗം മായ്ച്ചുകളഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തി. ദത്ത് തടയാന്‍ സിഡബ്ല്യുസി  ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും സമിതി ദത്ത് നടപടികളുമായി മുന്നോട്ട് പോയി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ മാസത്തില്‍ തന്നെ അജിത്തും അനുപമയും പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് ഏഴിനാണ് ആന്ധ്ര ദമ്പതികള്‍ക്ക് കുട്ടിയെ ദത്ത് നല്‍കിയത്.

അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തൽ നടപടികളിലേക്ക് കടന്നു. ഏപ്രില്‍ 22ന് സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യുസി  ഇടപെട്ടില്ല. അനുപമയുമായുള്ള  സിറ്റിങ്ങിന് ശേഷവും സിഡബ്ല്യുസി  പൊലീസിനെ അറിയിച്ചില്ല. തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എല്ലാ വിഭാ​ഗങ്ങളിൽ നിന്നും തെളിവെടുത്തശേഷമാണ് ശിശുവികസന ഡയറക്ടർ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. 

പരാതി അവഗണിച്ച് ദത്ത് നടപടികള്‍ തുടര്‍ന്നു

അനുപമ അവകാശവാദം ഉന്നയിച്ചിട്ടും ഇത് അവഗണിച്ച്  ദത്ത് നടപടികൾ തുടർന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന് കൂട്ടു നിന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണ്‍ അഡ്വ എൻ സുനന്ദ, ഇവർക്കെല്ലാം സംഭവത്തിൽ വീഴ്ച പറ്റിയതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി അനുപമ  നൽകിയിട്ടും ജയചന്ദ്രനും കൂട്ടാളികൾക്കും അന്വേഷണം നടത്താൻ പോലും പേരൂർക്കട പൊലീസ് തയ്യാറായിരുന്നില്ലെന്ന് അനുമപ ആരോപിച്ചിരുന്നു. 

കുഞ്ഞിനെ ഇന്നു കൈമാറിയേക്കും

അമ്മയറിയാതെയുള്ള ദത്ത്കേസിലെ കുഞ്ഞിനെ അനുപമയ്ക്ക് ഇന്നു കൈമാറിയേക്കും. കുഞ്ഞ് അനുപമയുടേത് തന്നെയെന്നു വനിതാ ശിശുവികസന വകുപ്പും സി.ഡബ്ല്യു.സിയും  രാവിലെ കുടുംബകോടതിയെ അറിയിക്കും. ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കാനായി  കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സർട്ടിഫിക്കറ്റ് പിന്‍വലിച്ചുകൊണ്ടുള്ള സത്യവാങ്മൂലവും സി.ഡബ്ല്യു.സി കോടതിയില്‍ സമര്‍പ്പിക്കും. 

കുഞ്ഞിനെ ദത്ത് നൽകാൻ അനുമതി നൽകിയതു സിഡബ്ല്യുസി ആണ്. ഇതിനുള്ള ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സർട്ടിഫിക്കറ്റ് പിന്‍വലിക്കുന്നതോടെ ദത്ത് നടപടികള്‍ പൂര്‍ണമായും റദ്ദാകും. മാത്രമല്ല കുഞ്ഞ് അനുപമയുടേതെന്നു തെളിയിക്കുന്ന രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി കൈമാറിയ  ഡി.എന്‍.എ പരിശോധനഫലവും സി.ഡബ്ല്യു.സി കോടതിയില്‍ ഹാജരാക്കും. ഇതോടെ കുഞ്ഞിനെ കൈമാറുന്നതിനെ കോടതിയും എതിര്‍ക്കാന്‍ സാധ്യതയില്ല. കോടതി അനുമതിയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു തന്നെ അനുപമയ്ക്കു കുഞ്ഞിനെ കൈമാറാനാണ് സി.ഡബ്ല്യു.സിയുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com