15കാരൻ വഴി തെറ്റി എത്തിയത് കൊടുംകാട്ടിൽ; രാത്രി മുഴുവൻ പാറപ്പുറത്ത്; ഒടുവിൽ...

15കാരൻ വഴി തെറ്റി എത്തിയത് കൊടുംകാട്ടിൽ; രാത്രി മുഴുവൻ കഴിഞ്ഞത് പാറപ്പുറത്ത്; ഒടുവിൽ...
ലിജീഷ് മാത്യുവും അമ്മ സാലിയും/ ഫോട്ടോ: എക്സ്പ്രസ്
ലിജീഷ് മാത്യുവും അമ്മ സാലിയും/ ഫോട്ടോ: എക്സ്പ്രസ്

കാസർക്കോട്: കനത്ത മഴയെ തുടർന്ന്​ വഴിതെറ്റിയ 15കാരൻ കൊടുംകാട്ടിൽ കുടുങ്ങി. രാത്രി മുഴുവൻ ഒറ്റയ്ക്ക് കാട്ടിനുള്ളിലെ പാറപ്പുറത്ത് ഇരുന്നാണ് 15കാരൻ കഴിച്ചുകൂട്ടിയത്. ഒടുവിൽ നാട്ടുകാരും പൊലീസും ഫയർ ഫോഴ്‌സും ഫോറസ്​റ്റ്​ അധികൃതരും ചേർന്ന് രക്ഷിച്ചു.

നീലേശ്വരത്തിന് സമീപം ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് പാമത്തട്ടിൽ നിന്ന്​ ശനിയാഴ്ച വൈകീട്ട് മുതൽ കാണാതായ വട്ടമല ഷാജിയുടെ മകൻ ലിജീഷ് മാത്യുവിനെയാണ് കാട്ടിൽ നിന്ന് രക്ഷിച്ചത്​. ഞായറാഴ്ച പുലർച്ചെ ശങ്കരങ്ങാനം വനത്തിനു സമീപത്തു നിന്നാണ് ലിജീഷിനെ കണ്ടെത്തിയത്. 

ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ വനത്തിനുള്ളിൽ നിന്ന്​ വീട്ടിലേക്ക് വരുന്ന കുടിവെള്ള പൈപ്പ് ശരിയാക്കാൻ പോയ ലിജീഷ് കനത്ത മഴയും കാറ്റും മഞ്ഞും കാരണം വനത്തിനുള്ളിൽ വഴിതെറ്റി പോവുകയായിരുന്നു. ഇതോടെയാണ് പുറത്തെത്താൻ സാധിക്കാതെ കാട്ടിൽപ്പെട്ടത്. 

പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ലിജീഷ്. പൈപ്പ് ശരിയാക്കിയിട്ട് മടങ്ങുന്നതിനിടെ മൂടൽമഞ്ഞ് വന്നതോടെ വഴി കാണാൻ സാധിക്കാതെ തെറ്റി. തനിക്ക് വഴി തെറ്റിയെന്ന് മനസിലായതോടെ അവൻ തിരിച്ചു നടക്കാൻ തുടങ്ങി. എങ്ങോട്ടെന്നില്ലാതെ നടന്നതോടെ ഏതാണ്ട് നാല് കിലോമീറ്ററോളം ഉൾവനത്തിലേക്ക് എത്തിപ്പെട്ടു. വഴി പൂർണമായും തെറ്റിയെന്ന് മനസിലായതോടെ താൻ ഒരു പാറയുടെ മുകളിൽ കയറി അവിടെ ഇരുന്നെന്നും ലിജീഷ് പറഞ്ഞു.

പൈപ്പ് നനാക്കാൻ പോയ ലിജീഷ് മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ  മാതാപിതാക്കളായ ഷാജിക്കും സാലിക്കും വേവലാതിയായി. കുട്ടി തിരിച്ചെത്തിയില്ലെന്ന കാര്യം മാതാപിതാക്കൾ ചില ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചത്. ഇതോടെ പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി തിരച്ചിലും ആരംഭിച്ചു. എന്നാൽ കാലാവസ്ഥാ പ്രതീകൂലമായത് തിരച്ചിലിനെ ബാധിച്ചു. 

അതിനിടെ പാറയ്ക്ക് മുകളിൽ കയറി ഇരിക്കുയായിരുന്ന ലിജീഷ് തിരച്ചിൽ സംഘത്തിന്റെ ടോർച്ച് ലൈറ്റുകൾ കാണുന്നുണ്ടായിരുന്നു. അവരുടെ ശ്രദ്ധ കിട്ടാനായി വളരെ ഉച്ചത്തിൽ വിളിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. രാത്രി മുഴുവൻ അവിടെ കഴിച്ചു കൂട്ടിയപ്പോൾ പേടി തോന്നിയില്ലെന്ന് ലിജീഷ് പറയുന്നു. തന്നെ എല്ലാവരും തിരയുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് പേടി മാറിയതെന്ന് 15കാരൻ വ്യക്തമാക്കി. 

സൂര്യൻ ഉദിച്ചപ്പോൾ ലിജീഷ് തിരികെ വീട്ടിലേക്ക് നടന്നു തുടങ്ങി. രാവിലെ ആറ് മണിയോടെ നാട്ടുകാർ തിരച്ചിലും ആരംഭിച്ചു. ഒടുവിൽ രാവിലെ ഏഴരയോടെ തിരച്ചിൽ സംഘം ലിജീഷിനെ വനത്തിൽ കണ്ടെത്തി. എട്ടേ കാലോടെ സുരക്ഷിതനായി ലിജീഷ് വീട്ടിൽ തിരിച്ചെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com